സ്വയംപര്യാപ്തതയുടെ അടയാളം മൈലപ്ര കുടുംബശ്രീ വനിതാ സംരഭം മൂന്നാം വര്‍ഷത്തിലേക്ക്
ജില്ലയുടെ സംരംഭക അധ്യായത്തില്‍ സ്വയംപര്യാപ്തതയുടെ അടയാളവുമായി മൈലപ്ര കുടുംബശ്രീ. കുടംബശ്രീയിലെ അഞ്ചു വനിതകള്‍ ചേര്‍ന്ന് 'ദീപം' എന്ന പേരില്‍ കറിപൊടികള്‍ നിര്‍മിച്ച് വരുമാനം കണ്ടെത്തുന്നു. കുടുംബശ്രീയുടെ വ്യവസായിക പദ്ധതിയില്‍ നിന്നും ലഭിച്ച നാല് ലക്ഷം രൂപയുമായി 2022 ലാണ് ദീപം കറിപൊടി പ്രവര്‍ത്തനം ആരംഭിച്ചത്. ഗീത മുരളി, രാജി വില്‍സണ്‍ , പി ആര്‍ രജനി, അഞ്ജു വിജയന്‍ , രമാ മുരളി എന്നിവരാണ് നടത്തിപ്പുകാര്‍. മൈലപ്ര പേഴുംകാടാണ് സ്ഥാപനം.
മുളക് , മല്ലി , മഞ്ഞള്‍ , കാപ്പി , ചിക്കന്‍ മസാല , ഗോതമ്പ്, സാമ്പാര്‍, അരി , റാഗി, ചോളം എന്നിവ ദീപം എന്ന പേരില്‍ വിപണിയിലുണ്ട്. വെളിച്ചെണ്ണ, ചമ്മന്തി പൊടി, ഉപ്പേരി , അച്ചാറുകള്‍ എന്നിവയും ആവശ്യക്കാര്‍ക്ക് നല്‍കുന്നു. കുടുംബശ്രീ മേളകളിലെ സ്ഥിര സാന്നിധ്യമാണ് ദീപം കറി പൊടി. വിഷു മുന്നൊരുക്കവുമായി ഉല്‍പാദനം കൂട്ടിയിട്ടുണ്ട്. 500 ഗ്രാം, ഒരു കിലോ അളവുകളിലാണ് പായ്ക്കിങ്ങ്.
2023 ഡിസംബറില്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും പൊടിക്കാനുള്ള ഉപകരണം വാങ്ങാന്‍ അഞ്ച് ലക്ഷം രൂപ ലഭിച്ചിരുന്നു. കായംകുളത്തു നിന്നാണ് അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നത്. കഴുകി ഉണക്കി പൊടിക്കേണ്ടവയും മറ്റുള്ളവയും തരം തിരിക്കുന്നതും വില്‍പനയ്ക്ക് എത്തിക്കുന്നതും അഞ്ചു പേരും ഒരുമിച്ചാണ്. മുന്നോട്ട് വരുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ കുടുംബശ്രീയുമായി ചേര്‍ന്ന് തയ്യാറാക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് പറഞ്ഞു.
- Log in to post comments