Skip to main content

സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷം; വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുടെ യോഗം യോഗം ചേര്‍ന്നു

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 21 ഒന്നിന് കാസര്‍കോട് ജില്ലയില്‍ നടക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. 21 മുതല്‍ പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുക്കങ്ങള്‍ നടത്തുന്നതിനാണ്  ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വാര്‍ഷികാഘോഷം വന്‍ വിജയമാക്കുന്നതിന്  മുഴുവന്‍ ജീവനക്കാരുടേയും സഹകരണം ആവശ്യമാണെന്നും ആഘോഷം ഭംഗിയാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്ക് ചേരണമെന്നും കളക്ടര്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ ഒരുക്കുന്ന സ്റ്റാളുകള്‍, സെക്ഷനുകള്‍ സംബന്ധിച്ച് വിശദമായ രേഖ അവതരിപ്പിക്കണമെന്നും മികച്ച ഒരു ടീം വര്‍ക്കാണ് ആവശ്യമെന്നും കളക്ടര്‍ പറഞ്ഞു. മുഴുവന്‍ പരിപാടികളിലും ജന പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാറിന്റെ  നാലാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതല്‍ ജില്ലാ, സംസ്ഥാനതലം വരെ വിപുലമായ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രില്‍ 21ന് കാസര്‍കോട് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. വിവിധ ആനുകൂല്യങ്ങള്‍ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജില്ലാതല പ്രദര്‍ശന- വിപണന മേളകളുമുണ്ടാകും.

 

date