മാര്‍ച്ച് 22 ലോക ജലദിനം ജല സുരക്ഷ; ജില്ലയില്‍ ജാഗ്രതവേണം
ജില്ലയിലെ ജലക്ഷാമം തടയാനും ജലവിനിയോഗം ശാസ്ത്രീയമായി ക്രമപ്പെടുത്താനും രൂപം നല്‍കിയ ജലബജറ്റ് മികച്ച മാതൃകയാവുകയാണ്. ജില്ലയില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ മഴക്കണക്കുകളും ജലലഭ്യതയും വിശദമായി വിശകലനം ചെയ്ത്, ജലോപയോഗം സുഗമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുക എന്നതാണ് ബജറ്റിന്റെ ലക്ഷ്യം. ജലബജറ്റിലുടെ ഒരോ സമയത്തും ജലത്തിന്റെ അളവ് മിച്ചമാണോ കുറവാണോ എന്നത് വിലയിരുത്തി, ജലക്ഷാമം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് ലഭ്യമായ വെള്ളം എത്രമാത്രം വിനിയോഗിക്കാമെന്നതിന്റെ കൃത്യമായ കണക്കുകൂട്ടലും ജല സ്രോതസ്സുകള്‍ സംരക്ഷിക്കാനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്യുന്നു.
ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളും മൂന്ന് നഗരസഭകളും ജലബജറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ ജല ബജറ്റുകളെ സംയോജിപ്പിച്ച്് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ജില്ലാ പഞ്ചായത്ത് തലത്തിലും സംസ്ഥാനത്ത് ആദ്യമായി ജില്ലാ പഞ്ചായത്തിന് നേതൃത്വത്തില്‍ ജലബജറ്റ് തയ്യാറാക്കി. തുടര്‍ന്ന് വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജലസുരക്ഷാ പ്ലാന്‍ തയ്യാറാക്കുകയും ജില്ലാതല സാങ്കേതിക സമിതി അംഗീകരിക്കുകയും ചെയ്തു.
ജലവിനിയോഗം ചിട്ടയോടെ; സമഗ്ര പദ്ധതികളുമായി ജലബജറ്റ്
ജില്ലയിലെ നദികളുടെ നീരൊഴുക്ക് പ്രധാനമായും കാലാവര്‍ഷത്തെ ആശ്രയിച്ചിട്ടുള്ളതാണ്. ജല ലഭ്യതയില്‍ സംസ്ഥാന ശരാശരിയിലും അധികമാണെങ്കിലും അതിരൂക്ഷമായ വരള്‍ച്ചയാണ് ജില്ലാ അഭിമുഖീകരിക്കുന്നത്. ഭൂജല ചൂഷണത്തില്‍ ജില്ല സെമി ക്രിട്ടിക്കല്‍ സോണിലാണുള്ളത്. സംസ്ഥാനത്തുള്ള മൂന്ന് ക്രിട്ടിക്കല്‍ ബ്ലോക്കുകളില്‍ ഒന്ന് കാസര്‍കോട് ബ്ലോക്കാണ്. മഞ്ചേശ്വരം സെമി ക്രിട്ടിക്കൽ സോണിലാണ്. ജലത്തിന്റെ കരുതലോടെയുള്ള വിനിയോഗവും സമഗ്രവും ജനകീയവും ശാസ്ത്രീയവുമായ തല്‍ സ്ഥല മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ചെറു നീര്‍ത്തട നിരീക്ഷണം മുതല്‍ ആരംഭിക്കണം.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജലസുരക്ഷ ഉറപ്പാക്കുന്നതിനും സമഗ്രമായ രൂപരേഖ ജില്ലാതലത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. 2013 മുതല്‍ പെയ്തു കിട്ടിയ മഴയുടെ അളവ് പരിശോധിക്കുമ്പോള്‍ ജില്ലയിലെ മഴ ലഭ്യതയില്‍ ശരാശരി 85 ശതമാനം മഴയും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലാവര്‍ഷത്തില്‍ നിന്നാണ് ലഭിക്കുന്നത്. വടക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ തുലാവര്‍ഷത്തില്‍ നിന്നും വെറും 12ശതമാനം മഴ മാത്രമാണ് ലഭിക്കുന്നത്.
കാലാവസ്ഥ വ്യതിയാനം ജല ലഭ്യതയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇത് വരള്‍ച്ച രൂക്ഷമാകാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. സംസ്ഥാനതലത്തില്‍ കാലാവര്‍ഷ മഴയളവും മഴ ദിനങ്ങളും കുറയുകയും തുലാവര്‍ഷത്തിലെ മഴ ദിനങ്ങള്‍ കൂടുകയും ചെയ്തപ്പോള്‍ ജില്ലയിലെ അവസ്ഥ തികച്ചും വിപരീതമാണ്. വര്‍ഷങ്ങള്‍ പിന്നിടുംതോറും ജില്ലയിലെ കാലാവര്‍ഷ മഴയളവും മഴ ദിനങ്ങളും കൂടുതലാകുന്നു. ഇത് രൂക്ഷമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചലിനും കാരണമാകുന്നു. എന്നാല്‍ തുലാവര്‍ഷക്കാല മഴ ദിനങ്ങളിലും കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ പ്രതിഭാസം ജില്ലയെ രൂക്ഷമായ വരള്‍ച്ചയിലേക്കാണ് നയിക്കുന്നത്. അതുകൊണ്ടുതന്നെ ജല സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ അനിവാര്യമായ സാഹചര്യമാണ് നിലവിലുള്ളത്.
ഹരിത കേരള മിഷന്‍ സാങ്കേതിക സമിതി ജല സുരക്ഷാ പ്ലാന്‍ തയ്യാറാക്കിയതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വനം വകുപ്പ്, കൃഷി വകുപ്പ് ,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭൂജലവകുപ്പ്, മണ്ണുജല സംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ വരുന്ന അഞ്ചുവര്‍ഷത്തേക്ക് ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം നാബാര്‍ഡ് മുഖേനയും കാസര്‍കോട് വികസന പാക്കേജിലൂടെയും വരള്‍ച്ച സാധ്യത ചെറുക്കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. വലിയ ജലസംഭരണികള്‍ ഇല്ലാത്ത ജില്ലയില്‍ സമഗ്രമായ ജല സുരക്ഷാ പദ്ധതികള്‍ അനിവാര്യമാണ്.
- Log in to post comments