Skip to main content

11 ലക്ഷം വിദ്യാർഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു: മന്ത്രി ജി.ആർ.അനിൽ

#കണിയാപുരം യു. പി.സ്കൂളിൽ വർണകൂടാരം നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു#

കഴിഞ്ഞ ഒൻപത് വർഷം ആറായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങളിലേക്ക് 11 ലക്ഷം വിദ്യാർഥികളെ ആകർഷിക്കുവാൻ കഴിഞ്ഞുവെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. കണിയാപുരം യു. പി.സ്കൂളിൽ വർണകൂടാരം പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് മറ്റെവിടെ ലഭിക്കുന്നതിനേക്കാളും സൗകര്യപ്രദമായ സ്കൂൾ അന്തരീക്ഷം, ക്ലാസ് മുറികൾ, പഠന സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കാൻ ജനപ്രതിനിധികൾ ശ്രമിക്കണം. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കി പൊതുവിദ്യാലയങ്ങളിൽ എത്തുന്ന സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് അഭിമാനകരമായ വിദ്യാഭ്യാസം യാഥാർഥ്യമാക്കാനാണ് ഇത്തരം സൗകര്യങ്ങൾ ഏർപെടുത്തുന്നതെന്നും വർണക്കൂടാരം പദ്ധതി നടപ്പിലാക്കാൻ അധികം വരുന്ന മുഴുവൻ തുകയും എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രീ പ്രൈമറി വിദ്യാർഥികൾക്ക് പഠനത്തിന് അനുകൂലമായ ശിശു സൗഹൃദമായ സ്വാഭാവിക ഇടങ്ങൾ നിർമിക്കുന്ന സമഗ്ര ശിക്ഷ കേരളയുടെ പദ്ധതിയാണ് വർണക്കൂടാരം.

കൂടാതെ സ്കൂളിൽ പുതിയ ക്ലാസ് മുറി നിർമാണത്തിൻ്റെ ശിലാസ്ഥാപനവും മന്ത്രി നടത്തി. ഏറെ നാളായി മുടങ്ങി കിടക്കുന്ന ബഹുനില മന്ദിരത്തിൻ്റെ നിർമാണ പ്രവർത്തികൾ കിഫ്ബിയുടെ സഹകരണത്തോടെ ഏപ്രിൽ മാസം ആദ്യം തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി .

അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹരികുമാർ. എസ് അധ്യക്ഷത വഹിച്ചു.  ഹെഡ്മാസ്റ്റർ എ.ഷാജഹാൻ, സമഗ്ര ശിക്ഷ കേരള ഡിപിഒ ഡോ.നജീബ്.ബി,  പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. ആർ. ഹരിപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ഉനൈസാ അൻസാരി, അംബൂർക്കോണം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാജിദാ ബീവി, പിടിഎ പ്രസിഡൻ്റ് അസറുദ്ദീൻ, എസ്. എം. സി ചെയർപേഴ്സൺ ധന്യ പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

date