Skip to main content

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ: 22നും 23നും തദ്ദേശ സ്ഥാപനങ്ങളിൽ ശുചീകരണ യജ്ഞം

സമ്പൂർണ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാർച്ച് 22, 23 തീയതികളിലും 24 ന് കലക്ടറേറ്റിലും ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ക്യാമ്പയിനുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന ജില്ലാ നിർവഹണ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശുചിത്വ ടൗണുകളായും ഹരിത ഇടങ്ങളായും പ്രഖ്യാപിച്ച സ്ഥലങ്ങളിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധന ശക്തമാക്കും. പരിശോധനയിൽ വാർഡ്തല സമിതികളേയും പഞ്ചായത്ത് അധികൃതരെയും ഉൾപ്പെടുത്തും. ജില്ലയിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും ടൗണുകളിലും മാലിന്യ സംസ്‌കരണത്തിന് ബിന്നുകൾ സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർദേശം നൽകി. ഹരിത പ്രഖ്യാപനം നടത്തിയ അയൽക്കൂട്ടം, വിദ്യാലയങ്ങൾ, കോളേജുകൾ, ടൂറിസം മേഖലകൾ, ടൗണുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ യോഗം വിലയിരുത്തി. ഹരിത പ്രഖ്യാപനം നടത്താത്ത സ്ഥാപനങ്ങളിലും ഇടങ്ങളിലും പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ യോഗം നിർദേശിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ കണ്ണൂർ ജില്ലാതല പ്രഖ്യാപനം ഏപ്രിൽ അഞ്ചിന് നടത്തും. പരിപാടിയുടെ നടത്തിപ്പിനായി മാർച്ച് 26 ന് സംഘാടക സമിതി രൂപീകരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായിരുന്നു. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ,  ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എം സുനിൽകുമാർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date