സംസ്ഥാനത്തെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷനാകാൻ കണ്ണപുരം റെയിൽവേ സ്റ്റേഷൻ ഒരുങ്ങി
സംസ്ഥാനത്തെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷനാവുകയാണ് കണ്ണപുരം റെയിൽവേ സ്റ്റേഷൻ. മാർച്ച് 22ന് വൈകിട്ട് നാലിന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ കണ്ണപുരം റെയിൽവേ സ്റ്റേഷനെ ഹരിത റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിക്കും. റെയിൽവേ സ്റ്റേഷൻ ശുചിത്വപൂർണമായി സൂക്ഷിക്കുന്നതിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കുന്നതിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്. ജൈവമാലിന്യ സംസ്‌കരണത്തിനായി റിംഗ് കമ്പോസ്റ്റ് സംവിധാനങ്ങൾ ഒരുക്കി കഴിഞ്ഞു. അജൈവ മാലിന്യ ശേഖരണത്തിനും സംഭരണത്തിനായി റെയിൽവേ സ്റ്റേഷനിൽ ഒരു പ്രത്യേക റൂം തന്നെ ഒരുക്കിയിട്ടുണ്ട്. മാസത്തിൽ രണ്ട് തവണ ഹരിത കർമ്മ സേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ബോട്ടിലുകൾ ശേഖരിക്കാൻ ബോട്ടിൽ ബൂത്തുകളും പൊതുജനങ്ങൾക്ക് പ്ലാസ്റ്റിക്കും മറ്റും നിക്ഷേപിക്കാൻ ഒന്നിടവിട്ട സ്ഥലങ്ങളിലായി ബിന്നുകളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.
കണ്ണപുരത്തെ റെയിൽവേ സ്റ്റേഷനിലെ ശുചിമുറികൾ വളരെ വൃത്തിയോടെ സൂക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്റ്റേഷന്റെ സൗന്ദര്യവത്കരണത്തിനായും ഒട്ടേറെ കാര്യങ്ങൾ റെയിൽവേ അധികൃതർ ഒരുക്കി. ലഭ്യമായ സ്ഥലത്തെല്ലാം ചെറിയ പൂന്തോട്ടവും ചെടിച്ചട്ടികളും വെച്ചുകൊണ്ട് സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ദിവസേന വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ ശേഖരിക്കാൻ പ്രത്യേക ശുചീകരണ തൊഴിലാളികളെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാർക്കുള്ള കുടിവെള്ള സൗകര്യവുമുണ്ട്. ദ്രവമാലിന്യ സംസ്‌കരണത്തിലുൾപ്പെടെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്. മറ്റു റെയിൽവേ സ്റ്റേഷനുകൾക്കുള്ള അനുകരണീയ മാതൃകയാണ് കണ്ണപുരം റെയിൽവേ സ്റ്റേഷൻ.
- Log in to post comments