'ആനന്ദം' വയോജന കലോത്സവം സംഘടിപ്പിച്ചു
ആലപ്പുഴ ജില്ലാ പഞ്ചായത്തും ആര്യാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച 'ആനന്ദം' വയോജന കലോത്സവം വേറിട്ട അനുഭവമായി. നൂറുകണക്കിന് വയോജനങ്ങൾ പങ്കെടുക്കാനെത്തിയതോടെ കലോത്സവം കളറായി.
കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വയോജന കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു.
59 വയസ്സിൽ സുനിതാ വില്യംസ് ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ പ്രായം നോക്കി മുന്നോട്ടു പോകരുതെന്നും ഉയരങ്ങൾ കീഴടക്കാൻ പ്രായമൊരു തടസ്സമല്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ വയോജനങ്ങൾക്കായി മേക്കോവർ, മെഡിക്കൽ ക്യാമ്പ്, ഉപകരണ വിതരണം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.
വഞ്ചിപ്പാട്ട്, നാടൻപാട്ട്, ലളിതഗാനം, കവിത പാരായണം, സമൂഹഗാനം, കൈകൊട്ടിക്കളി, ഒപ്പന, ഡാൻസ്, തിരുവാതിര പോലുള്ള സ്ഥിരം ഇനങ്ങൾ കൂടാതെ കയർപിരി , ഓല മെടയൽ മത്സരങ്ങളും നടന്നു. ആര്യാട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിൽ നിന്ന് 230 വയോജനങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, ആര്യാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ, സ്ഥിരം സമിതി അംഗങ്ങളായ സുയ മോൾ, പി കെ പ്രകാശ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവ്, ആര്യാട് ബ്ലോക്ക് സി.ഡി.പി.ഒ ഷീല ദേവസ്യ, ബി.ഡി.ഒ എം കെ ഷിബു തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഇന്ന്(23) ഉച്ചക്ക് രണ്ട് മണിക്ക് ഉദ്‌ഘാടനം ചെയ്യും. സമ്മാനദാനം പി പി ചിത്തരഞ്ജൻ എം എൽ എ നിർവഹിക്കും.
(പിആർ/എഎൽപി/903)
- Log in to post comments