Skip to main content

വേമ്പനാട് കായൽ പുനരുജ്ജീവനം: രണ്ടാംഘട്ട മെഗാ ശുചീകരണത്തിൽ 3.6 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു

വേമ്പനാട് കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ആലപ്പുഴ നഗരസഭയും ജില്ലാഭരണകൂടവും റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച പ്ലാസ്റ്റിക്ക് മുക്ത വേമ്പനാട് മെഗാ ശുചീകരണ കാമ്പയിൻ്റെ രണ്ടാംഘട്ടത്തില്‍ 3.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുനീക്കി. ശനിയാഴ്ച്ച രാവിലെ പുന്നമട ഫിനിഷിംഗ് പോയിൻ്റിൽ നടന്ന ശുചീകരണം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ അധ്യക്ഷയായി. പുന്നമട ഫിനിഷിംഗ് പോയിൻ്റിൽ ആരംഭിച്ച മെഗാ ശുചീകരണം തുടര്‍ന്ന് കുട്ടനാടൻ ഭാഗങ്ങളിലെ ഉൾക്കായലുകളിൽ 75 ചെറുവള്ളങ്ങളിലായി നടന്നു. 

160 മത്സ്യത്തൊഴിലാളികൾ, 65 കുടുംബശ്രീ പ്രവർത്തകർ, നഗരസഭയുടെ 60 ശുചീകരണത്തൊഴിലാളികൾ, റോട്ടറി ആലപ്പുഴ റവന്യു ജില്ലാ ക്ലബിലെ 60 അംഗങ്ങൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളില്‍ പങ്കെടുത്തു. ശേഖരിച്ച 3.6 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ നഗരസഭ എംസിഎഫിലേക്ക് മാറ്റി. 

വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും റസ്റ്റോറൻ്റുകളും ശുചീകരണ പ്രവർത്തനങ്ങളില്‍ പങ്കാളികളായി. ജില്ലയില്‍ വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നത്. 

നരഗസഭ സ്ഥിരംസമിതി അധ്യക്ഷരായ എ എസ് കവിത, ആർ വിനിത, എം ആർ പ്രേം, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ സി പ്രേംജി, ഡി ടി പി സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ സി പ്രദീപ്, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥർ സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

(പിആർ/എഎൽപി/904)

date