ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരളോത്സവം പോലുള്ള മേളകൾക്ക് വലിയ പങ്ക് : മന്ത്രി പി.എ മുഹമ്മദ് റിയാസ്
*കേരളോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ കേരളോത്സവം പോലുള്ള മേളകൾക്കു വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കോതമംഗലത്ത് സംസ്ഥാന കേരളോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരെ വലിയ പ്രതിരോധം ഉയർന്നുവരുന്ന ഈ കാലത്ത് നടക്കുന്ന മേള എന്ന നിലയിൽ ഇത്തവണത്തെ കേരളോത്സവത്തിന് സവിശേഷത ഏറുകയാണ്. കലാ - കായിക മേഖലകളിൽ യുവതയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ മറ്റ് തെറ്റായ പ്രവണതകളെ അകറ്റി നിർത്താൻ കഴിയും. ജയ - പരാജയങ്ങൾക്കല്ല, മറിച്ച് പങ്കാളിത്തത്തിനാണ് പ്രാധാന്യം. അതിനാൽ പരമാവധിപേരെ മേളയുടെ ഭാഗമാക്കണം.
മികച്ച രീതിയിൽ ആണ് സംഘാടകസമിതിയുടെ ഓഫീസ് ക്രമീകരിച്ചിരിക്കുന്നതെന്നും കേരള ചരിത്രത്തിലെ ഏറ്റവും മികച്ച കേരളോത്സവങ്ങളിൽ ഒന്നായി കോതമംഗലത്തെ കേരളോത്സവം മാറുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
പോലീസ് സ്റ്റേഷന് സമീപമുള്ള കോതമംഗലം സർവീസ് സഹകരണ ബാങ്ക് സമുച്ചയത്തിലാണ് സംഘാടകസമിതി ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. കേരളീയ യുവത്വത്തിന്റെ കലാകായിക മേളയായ കേരളോത്സവത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ ഏപ്രിൽ 8,9,10,11 തീയതികളിൽ ആയാണ് കോതമംഗലത്ത് നടക്കുക.
ഉദ്ഘടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ, കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ ടോമി, വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, യുവജന ക്ഷേമ ബോർഡ് അംഗം റോണി മാത്യു, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, തഹസിൽദാർ എം. അനിൽകുമാർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ. പ്രജീഷ, ജില്ലാ യൂത്ത് കോ ഓഡിനേറ്റർ എ.ആർ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments