പാറശാല നിയോജക മണ്ഡലത്തില്‍ പട്ടയ അസംബ്ലി സംഘടിപ്പിച്ചു
പാറശാല നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി ആനപ്പാറ വനം വകുപ്പ് കമ്മ്യൂണിറ്റി ഹാളില്‍ സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്ക് തലത്തിലാണ് പട്ടയ അസംബ്ലി സംഘടിപ്പിച്ചത്. അസംബ്ലിയിൽ ഇരുന്നൂറോളം അപേക്ഷകൾ ലഭിച്ചു. 2016 മുതല്‍ വിവിധ ഇനങ്ങളിലായി 414 പട്ടയങ്ങള്‍ വിതരണം ചെയ്തുവെന്നും പട്ടയത്തിനായുള്ള 1700-ഓള൦ അപേക്ഷകൾ റവന്യൂ വകുപ്പിന് നേരത്തെ നൽകിയെന്നും എംഎൽഎ അറിയിച്ചു.
സംസ്ഥാനത്ത് പട്ടയ വിതരണം ഊര്‍ജിതമാക്കുന്നതിനും അവ സമയബന്ധിതമായി നൽകുന്നതിനുമായി രൂപീകരിച്ച പട്ടയമിഷന്റെ ഭാഗമായാണ് പട്ടയ അസംബ്ലി ചേര്‍ന്നത്. റവന്യു വകുപ്പിന്റെയും ത്രിതല പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ഭൂരഹിതരെ കണ്ടെത്തി അവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടിക്രമങ്ങള്‍ എംഎല്‍എ ചടങ്ങില്‍ വിശദീകരിച്ചു.
റവന്യു വകുപ്പുമായി ബന്ധപ്പെട്ടുവരുന്ന ആവശ്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ കയറിയിറങ്ങേണ്ട സ്ഥിതി ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പട്ടയ അസംബ്ലി എന്ന ആശയവുമായി മുന്നോട്ട് വന്നത്. അപേക്ഷകള്‍ സ്വീകരിച്ച് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും വില്ലേജുതല സമിതികള്‍ കാര്യക്ഷമമാക്കുന്നതിനും യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ തലത്തില്‍ തീരുമാനമാവേണ്ട വിഷയങ്ങള്‍ സത്വരനടപടികള്‍ക്കായി ശ്രദ്ധയില്‍ പെടുത്തുന്നതിനും തീരുമാനമായി.
നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ നന്ദകുമാരൻ വി.എം, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെന്‍ഡാര്‍വിന്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാജ്‌മോഹന്‍, വത്സല രാജു, ശ്രീകുമാര്‍, ഗിരിജ കുമാരി, മഞ്ജു സ്മിത, സുരേന്ദ്രന്‍, ചെറുപുഷ്പം, റവന്യു, ത്രിതല പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments