ലഹരി വിപത്തിനെതിരെ അഴീക്കോട് ഒറ്റക്കെട്ട്
അഴീക്കോട് മണ്ഡലത്തിൽ ലഹരി വിപത്തിനെതിരായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കെ.വി സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ മണ്ഡലതല യോഗം ചേർന്നു. സ്‌കൂളുകളിലും ഗ്രാമപ്രദേശങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിലും ലഹരി ഉപയോഗം വ്യാപകമായി നടക്കുന്നതിനാൽ ഈ വിപത്തിനെതിരെ ഒന്നിച്ച് അണിനിരക്കണമെന്ന് എം.എൽ.എ പറഞ്ഞു. എല്ലാ കുടുംബങ്ങളെയും കണ്ണിചേർക്കുന്ന ക്യാമ്പയിൻ വായനശാലകളും ക്ലബ്ബുകളും ചേർന്ന് സംഘടിപ്പിക്കണം. അവധിക്കാലം മുൻനിർത്തി കുട്ടികളെ ആകർഷിക്കുന്ന കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് മണ്ഡലത്തിൽ ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും പരിപൂർണമായി തടയാൻ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ഏപ്രിൽ അഞ്ചിനുള്ളിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഗ്രന്ഥശാലകളും ക്ലബ്ബുകളും സംയുക്തമായി യോഗം ചേരും. ഏപ്രിൽ പത്തിനുള്ളിൽ വാർഡ് അടിസ്ഥാനത്തിൽ ക്ലബ്ബുകളുടെയും വായനശാലകളുടെയും കർമ്മസമിതി രൂപീകരിക്കും. ഏപ്രിൽ 20നും 30 നുമിടയിൽ വാർഡ് തലത്തിൽ പെൺകുട്ടികളും ആൺകുട്ടികളും അടങ്ങുന്ന യുവാക്കളുടെ യോഗം നടത്തും. മെയ് ഒന്നിനും 20 നുമിടയിൽ വായനശാല പരിധിയിൽ രക്ഷകർത്താക്കളുടെ യോഗം വിളിച്ചുചേർക്കും.
സ്‌കൂൾ അടച്ചുതുറന്ന ശേഷം അധ്യാപകരെയും വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കും. വായനശാലകളും ക്ലബുകളും കേന്ദ്രീകരിച്ച് യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. ചിറക്കൽ ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ പി ശ്രുതി, കെ അജീഷ്, കെ രമേശൻ, പി.പി ഷമീമ, എൻ.വി സുശീല, അസിസ്റ്റന്റ് കമ്മീഷണർ വിമുക്തി ജില്ലാ മാനേജർ വി.കെ സതീഷ് കുമാർ, എസ്.ഐ പി ഉണ്ണികൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബാലൻ മാസ്റ്റർ, ഗ്രന്ഥശാല പ്രതിനിധികൾ, യുവജന ക്ലബ്ബുകളുടെ പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.
(പടം)
- Log in to post comments