കേരള ബ്രാൻഡ് അവാർഡ് ദാനവും സംരഭകത്വ വികസന പരിശീലന പരിപാടിയും
വ്യവസായ വാണിജ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ സംഘടിപ്പിച്ച 15 ദിവസം നീണ്ടുനിന്ന സംരഭകത്വ വികസന പരിശീലന പരിപാടി സമാപിച്ചു. സമാപന ചടങ്ങിൻ്റെ ഉദ്ഘാടനവും പരിശീലനാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റിൻ്റെ വിതരണവും തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് നിർവഹിച്ചു. തെരഞ്ഞെടുത്ത 34 പേർക്കാണ് പരിശീലനം നൽകിയത്.
സമാപന ചടങ്ങിൻ്റെ ഭാഗമായി കേരള ബ്രാൻഡ് അവാർഡ് ദാന ചടങ്ങും നടന്നു. മെയ്ഡ് ഇൻ കേരള പദ്ധതി നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ജില്ലയിൽ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റ് നൽകുന്നത്. വെളിച്ചെണ്ണ നിർമാതാക്കൾക്കാണ് ആദ്യഘട്ടമായി കേരള ബ്രാൻഡ് സർട്ടിഫിക്കറ്റുകൾ വ്യവസായ വാണിജ്യ വകുപ്പ് നൽകുന്നത്. ഘട്ടം ഘട്ടമായി മറ്റ് ഉത്പന്നങ്ങൾക്കും സർട്ടിഫിക്കറ്റ് നൽകും. ചേർപ്പിലുള്ള സ്റ്റെർലിങ്ങ് കോക്കനട്സ് ഓയിൽ ആൻ്റ് കേക്കസ് പ്രൈവറ്റ് ലിമറ്റഡ് കമ്പനി, മാളയിൽ പ്രവർത്തിക്കുന്ന (തനിമ) റോയൽ എഡിബിൾ കമ്പനി എന്നീ രണ്ട് കമ്പനികൾക്കാണ് അവാർഡ് നൽകിയത്. ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ സ്മിത ആർ, ലിനോ ജോർജ് സി, ബിന്ദു കെ.ആർ, ഡെപ്യൂട്ടി രജിസ്ട്രാർ ഹരീഷ് ഇ.പി, ഉപജില്ല വ്യവസായ ഓഫീസർമാരായ മിനി പി.ആർ, ദീപ കെ. കെ, റഷീദ് എൻ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments