Skip to main content

ആറുപതിറ്റാണ്ടിന്റെ സ്വപ്‌ന സാഫല്യം; ഒളകരയില്‍ 44 കുടുംബങ്ങള്‍ ഭൂവുടമകളായി

ഒളകര ഉന്നതിയിലെ 44 കുടുംബങ്ങള്‍ക്കുള്ള വനാവകാശരേഖ മന്ത്രിമാരായ കെ. രാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. ആറു പതിറ്റാണ്ടിലേറെക്കാലം മഴയും വെയിലും മഞ്ഞും സഹിച്ച ഊരിലെ മുഴുവന്‍ മനുഷ്യരുടെയും സ്വപ്‌ന സാഫല്യമാണിതെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ ഒളകര ഉന്നതിയില്‍ വനാവകാശരേഖ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഞാന്‍ ഒരു വാക്ക് നല്‍കിയിരുന്നു. ആ വാക്ക് പാലിച്ചു. വനാവകാശരേഖ കൈമാറി എന്നുമാത്രമല്ല സര്‍ക്കാര്‍ ഒരു പുതിയ ഉത്തരവ് പുറത്തിറക്കി വനാവകാശരേഖയുള്ള വനഗ്രാമങ്ങളെ റവന്യു ഗ്രാമങ്ങളാക്കി നികുതി അടയ്ക്കാനുള്ള അവകാശം കെടുക്കും എന്നും പ്രഖ്യാപിച്ചു. ആ അവകാശത്തിനുശേഷം ആദ്യം കൊടുക്കുന്ന വനാവകാശമാണ് ഒളകരയിലേതെന്ന് മന്ത്രി പറഞ്ഞു. ഇനി ഇവര്‍ക്ക് ഇവിടെ വീടുവെക്കണം. റോഡ് നവീകരണത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചു. റോഡ് പണിയുന്നതിനുള്ള അവസരം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ട് വനാവകാശനിയമത്തിലൂടെ നല്‍കാമെന്ന് വനം വകുപ്പ് സമ്മതിച്ചതായും മന്ത്രി പറഞ്ഞു. ഒളകരയുടെ, ഈ നാടിന്റെ വികസനത്തിന്, ഇവരുടെ മുന്നിലുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒളകര ഉന്നതിയില്‍ നടന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് ഡയറക്ടര്‍ വി. രേണു രാജ്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍, സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് ഷെഫീഖ്, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി. ഉമ എന്നിവര്‍ മുഖ്യാതിഥികളായി.

ഒല്ലൂക്കര ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വി. സജു, ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യ രാജേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ സുബൈദ അബൂബക്കര്‍, ഇ.ടി ജലജന്‍, കെ.വി. അനിത, പീച്ചി വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ വി.ജി അനില്‍കുമാര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ ഹെറാള്‍ഡ് ജോണ്‍, ഒളകര ഉന്നതിയിലെ ഊരുമൂപ്പത്തി മാധവി കുട്ടപ്പന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date