പൂക്കോട്ടുംപാടം കാറ്റാടിക്കടവ് മലയോര ഹൈവേ ഉദ്ഘാടനം നാളെ
മലയോര ഹൈവേയുടെ പണി പൂർത്തിയായ പൂക്കോട്ടുംപാടം കാറ്റാടികടവ് ഭാഗം ഉദ്ഘാടനം നാളെ (മാർച്ച് 23) ഉച്ചയ്ക്ക് മൂന്നിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. പൂക്കോട്ടുംപാടം ഗുഡ് വിൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹ്‌മാൻ, എം.പിമാരായ പ്രിയങ്കാ ഗാന്ധി, പി.വി. അബ്ദുൽ വഹാബ് എന്നിവരും പങ്കെടുക്കും. 57.89 കോടി രൂപ ചെലവിലാണ് കരുളായി വഴിയുള്ള പൂക്കോട്ടുംപാടം തമ്പുരാട്ടിക്കല്ല് റീച്ച് ഒന്ന് പൂർത്തീകരിച്ചത്. 15 കിലോമീറ്റർ ദൂരമാണ് പൂക്കോട്ടുംപാടം കാറ്റാടിക്കടവ് റീച്ച് ഒന്നിനുള്ളത്. പൂക്കോട്ടുംപടം മൈലാടി മലയോര ഹൈവേയുടെയും പൂക്കോട്ടുംപാടം കാളികാവ് മലയോര ഹൈവേയുടെയും നിർമാണം അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം മൈലമ്പാറ ടൗൺ നവീകരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. മൈലമ്പാറ നഗരത്തിൽ ഒരു കിലോമീറ്ററിലാണ് പദ്ധതിയുള്ളത്. 2.30 കോടിയാണ് ഇതിന് ചെലവഴിച്ചത്.
- Log in to post comments