നിലമ്പൂർ തൃക്കൈകുത്ത് പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു നിലമ്പൂർ ബൈപ്പാസ് യാഥാർഥ്യമാക്കും
നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കുതിരപ്പുഴയ്ക്ക് കുറുകെ 10.90 കോടി രൂപ ചെലവിൽ നിർമ്മിച്ച തൃക്കൈകുത്ത് പാലവും അപ്രോച്ച് റോഡും പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബൈപ്പാസ് യാഥാർഥ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ ധനകാര്യ വകുപ്പുമായി ചർച്ചകൾ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ ടൗൺ നവീകരണത്തിന്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി നഗരത്തിലെ ഏറ്റവും വീതി കുറഞ്ഞ ജ്യോതിപ്പടി മുതൽ ജനതപ്പടി വരെ റോഡിന് ഇരുവശവും അഞ്ചു കോടി രൂപ ചെലവഴിച്ച് വീതി കൂട്ടിയ പാതയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മലയോര മേഖലയായ നിലമ്പൂർ നഗരത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട് -നിലമ്പൂർ -ഗൂഡല്ലൂർ സംസ്ഥാനപാതയ്ക്ക് നിലമ്പൂർ നഗരത്തിൽ വീതി കുറവായതിനാൽ ഏറെക്കാലമായി യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. ഇതിന് ശാശ്വത പരിഹാരമായാണ് പാത നവീകരിച്ചത്. 130 മീറ്റർ നീളം വരുന്ന തൃക്കൈകുത്ത് പാലത്തിന് അഞ്ച് സ്പാനുകളാണുള്ളത്. 7.5 മീറ്റർ വീതിയുള്ള ക്യാരിയേജ് വേയും 1.50 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും രണ്ട് ഫുട്പാത്തുകളും കൂടി 11 മീറ്റർ വീതിയുണ്ട്. തൃക്കൈകുത്ത് ഭാഗത്തെ അപ്രോച്ച് റോഡിന് 160 മീറ്റർ നീളവും നിലമ്പൂർ ഭാഗത്ത് 140 മീറ്റർ നീളവുമാണള്ളത്.പാലത്തിന് സമീപം നടന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷനായിയിരുന്നു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്കർ അലി, നിലമ്പൂർ നഗരസഭ വൈസ് ചെയർപെഴ്സൺ അരുമ ജയകൃഷ്ണൻ, മമ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീനിവാസൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
- Log in to post comments