Skip to main content

30 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2025-2026 വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേര്‍ന്ന യോഗത്തില്‍ 30 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകി. വാർഷിക പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ സംസ്ഥാനതലത്തിൽ  രണ്ടാം സ്ഥാനത്താണ് ജില്ല. 73.69 ശതമാനമാണ് ജില്ലയുടെ വാർഷിക പദ്ധതി നിർവഹണം. ബ്ലോക്ക് പഞ്ചായത്തുകളിൽ പദ്ധതി നിർവഹണത്തിൽ 84.9 ശതമാനവുമായി വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ആണ്  ഒന്നാമത്. ഗ്രാമപഞ്ചായത്തുകളിൽ 96.36 ശതമാനവുമായി നെടുമുടിയാണ് ഒന്നാം സ്ഥാനത്ത്. നഗരസഭകളിലെ പദ്ധതി നിർവഹണത്തിൽ 77.83 ശതമാനവുമായി ചേർത്തല നഗരസഭയാണ് ഒന്നാമത്. 2025-2026 ലെ വാർഷിക പദ്ധതി അംഗീകാരത്തിനായി പുറക്കാട് ഗ്രാമപഞ്ചായത്ത് ആണ് ആദ്യം റിപ്പോർട്ട് സമർപ്പിച്ചത്. ചേർത്തല നഗരസഭയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2025-2026 ലെ ലേബർ ബജറ്റിനും ആക്ഷൻ പ്ലാനിനും യോഗത്തിൽ അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പ്ലാനിംഗ്  ഓഫീസർ ലിറ്റി  മാത്യു, ഡെപ്യൂട്ടി ഡിപിഒ ടി വി നിത്യ, റിസർച്ച് ഓഫീസർ എസ് നിത്യ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
(പിആർ/എഎൽപി/922)

date