തോട്ടപ്പള്ളി സബ് പോസ്റ്റ് ഓഫീസും പൊന്നിട്ടുശ്ശേരി ബ്രാഞ്ച് പോസ്റ്റ് ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചു
ആലപ്പുഴ പോസ്റ്റല്‍ ഡിവിഷനില്‍ തോട്ടപ്പള്ളി സബ് പോസ്റ്റ് ഓഫീസ്, പൊന്നിട്ടുശ്ശേരി ബ്രാഞ്ച് പോസ്റ്റ് ഓഫീസ് എന്നീ രണ്ടു പുതിയ പോസ്റ്റ്ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസുകളുടെ ഉദ്ഘാടനം ആലപ്പുഴ തപാല്‍ സൂപ്രണ്ട് ലത ഡി നായര്‍ നിര്‍വഹിച്ചു. രജിസ്റ്റേര്‍ഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ്, പാര്‍സല്‍ ബുക്കിംഗ്, മണി ഓര്‍ഡര്‍, തപാല്‍ ഇന്‍ഷുറന്‍സ്, സേവിങ്‌സ് സ്‌കീമുകള്‍, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് തുടങ്ങി എല്ലാവിധ തപാല്‍ അനുബന്ധ സേവനങ്ങളും ഓഫീസുകളില്‍ ലഭ്യമാണ്.
നിലവില്‍ നാല് മണിക്കൂര്‍ മാത്രം പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന തോട്ടപ്പള്ളി ബ്രാഞ്ച് പോസ്റ്റ് ഓഫീസിനെ നവീകരിച്ചുകൊണ്ടാണ് പുതിയ സബ് പോസ്റ്റ് ഓഫീസ് നിലവില്‍ വന്നിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ അസിസ്റ്റന്റ് സൂപ്രണ്ട് വി. രാജീവ്, അസിസ്റ്റന്റ് സൂപ്രണ്ട് - സബ് ഡിവിഷന്‍ വി. കെ. രാജീവ്,അമ്പലപ്പുഴ സബ് പോസ്റ്റ് മാസ്റ്റര്‍ ടി. പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. പുറക്കാട് ഗ്രാമ പഞ്ചായത്തിലെ ഏഴ് , എട്ട്, ഒമ്പത് , 10,11,12,15 എന്നീ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന എല്ലാ പൊതുജനങ്ങള്‍ക്കും ഈ പോസ്റ്റ് ഓഫീസിന്റെ സേവനം ലഭ്യമാകും . അമ്പലപ്പുഴ മുതല്‍ കരുവാറ്റ വരെയുള്ള 17 കിലോമീറ്റര്‍ പരിധിയില്‍ തപാല്‍ സംബന്ധമായ സേവനങ്ങള്‍ക്കായി ഒരു ഡിപ്പാര്‍ട്ട്മെന്റ് പോസ്റ്റ് ഓഫീസ് ഇല്ലാതിരുന്ന സാഹചര്യത്തിലാണ് തോട്ടപ്പള്ളി സബ്‌പോസ്റ്റ്ഓഫീസ് നിലവില്‍ വന്നിരിക്കുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ആണ് ഓഫീസിന്റെ പ്രവര്‍ത്തന സമയം. ഓഫീസിന്റെ പിന്‍കോഡ് 688563 ആയിരിക്കും.
എസ്.എല്‍ പുരം സബ് പോസ്റ്റ് ഓഫീസിനു കീഴിലുള്ള പൊന്നിട്ടുശ്ശേരി ഫാര്‍മേര്‍സ് ക്ലബ്ബിലാണ് പുതിയ ബ്രാഞ്ച് ഓഫീസ് സ്ഥാപിതമായിരിക്കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ 13,14,15 വാര്‍ഡുകളിലെയും മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 12,13 വാര്‍ഡുകളിലെയും പൊതു ജനങ്ങള്‍ക്കാണ് ഈ ഓഫീസിന്റെ സേവനം ലഭ്യമാവുക. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് പ്രവര്‍ത്തനം. ഓഫീസിന്റെ പിന്‍കോഡ് 688523 ആയിരിക്കും. ഉദ്ഘാടന ചടങ്ങില്‍ അസിസ്റ്റന്റ് സൂപ്രണ്ട് വി. രാജീവ് , ചേര്‍ത്തല സബ് ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ പോസ്റ്റ് എം.എ മുഹമ്മദ് അസ്ലം, പൊന്നിട്ടുശ്ശേരി ഫാര്‍മേഴ്സ് ക്ലബ് സെക്രട്ടറി എം. സുമോദ്, പ്രസിഡന്റ് രവി പാലത്തുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇതോടൊപ്പം തന്നെ ആലപ്പുഴ ബസാര്‍ സബ്‌പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് - 688012) പ്രവര്‍ത്തനം ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസുമായി (പിന്‍കോഡ് -688001) ലയിപ്പിച്ചതിനാല്‍ തുടര്‍ന്നുള്ള തപാല്‍ സേവനങ്ങള്‍ക്കായി ബസാര്‍ പോസ്റ്റ് ഓഫീസിന്റെ വിതരണ പരിധിയിലുള്ളവര്‍ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിനെ സമീപിക്കണമെന്നും തപാല്‍ സൂപ്രണ്ട് അറിയിച്ചു.
(പിആർ/എഎൽപി/923)
- Log in to post comments