Skip to main content
ലോക ക്ഷയരോഗദിനാചാരണം കോടഞ്ചേരിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി ഉത്ഘാടനം ചെയ്യുന്നു

ലോക ക്ഷയരോഗ ദിനാചാരണം: ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചു

ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ജീവിതം ആരോഗ്യത്തോടെ ജീവിക്കാനുള്ള അറിവും അവബോധവും ജനങ്ങള്‍ക്കുണ്ടാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് മുഖ്യാതിഥിയായി. 'നമുക്ക് ക്ഷയ രോഗത്തെ തുടച്ചു നീക്കാം. പ്രതിബദ്ധത നിക്ഷേപം, വാതില്‍പ്പടി സേവനം' എന്ന മുദ്രവാക്യമുയര്‍ത്തിയാണ് ക്ഷയരോഗ ദിനാചരണം നടന്നത്. 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി നടന്നുവരുന്ന ജില്ലാതല ക്ഷയരോഗ നിര്‍ണയ- ബോധവത്കരണ പരിപാടികളുടെ സമാപനം കൂടിയാണ് നടന്നത്. 

ക്ഷയരോഗ മുക്ത പഞ്ചായത്തായി തിരഞ്ഞെടുത്ത നാദാപുരം പഞ്ചായത്തിനെ ചടങ്ങില്‍ ആദരിച്ചു. ക്ഷയരോഗ നിവാരണ ബോധ വത്കരണത്തിനായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ റീല്‍സ് മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാന വിതരണം, തിരുവമ്പാടി റോട്ടറി ക്ലബ്ബിനും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിനും നിക്ഷയ് മിത്ര അവാര്‍ഡുകളുടെ വിതരണം, ക്ഷയരോഗ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലെ മികച്ച സ്വകാര്യ പങ്കാളിത്തതിനുള്ള സ്റ്റെപ്‌സ് അവാര്‍ഡ് വിതരണം എന്നിവ നടന്നു. ടി ബി ചാമ്പ്യനായി തിരഞ്ഞെടുത്ത പി വി സന്ദീപിനെ പരിപാടിയില്‍ ആദരിച്ചു. മികച്ച റീലിനുള്ള സമ്മാനം  ലഭിച്ചത് പി വി എസ് നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് ലഭിച്ചത്. മികച്ച സ്വകാര്യ പങ്കാളിത്തതിനുള്ള സ്റ്റെപ്‌സ് അവാര്‍ഡിന് ഇഖ്‌റ ആശുപത്രി അര്‍ഹരായി. 

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച പരിപാടിയില്‍
ജില്ലാതല ഐഇസി(ഇന്‍ഫര്‍മേഷന്‍, എഡ്യൂക്കേഷന്‍, കമ്മ്യൂണിക്കേഷന്‍) വിതരണം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് മാസ്റ്റര്‍ നിര്‍വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ സി കെ ഷാജി ക്ഷയരോഗദിന പ്രതിജ്ഞ ചൊല്ലി. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റ് വിവി മുഹമ്മദലി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അംബിക മംഗലത്ത്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റോയ് കുന്നപ്പള്ളി, വാര്‍ഡ് മെമ്പര്‍മാരായ വാസുദേവന്‍ ഞാറ്റു കാലായില്‍, ലിസി ചാക്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍ രാജേന്ദ്രന്‍, ജില്ലാ ടി ബി ഓഫീസര്‍ കെ വി സ്വപ്ന, കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ കെ ഹസീന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നവ്യ. ജെ. തൈക്കാട്ടില്‍ ബോധവത്കരണ ക്ലാസ്സ് എടുത്തു. യുവ ഭാവന കലാ സാഹിത്യ സംഘം ക്ഷയ രോഗ അവബോധ പാവ നാടകവും  അവതരിപ്പിച്ചു.

date