Skip to main content

ലഹരിക്കെതിരെ 100 ദിന കര്‍മപദ്ധതിയുമായി മലപ്പുറം ജില്ലാപഞ്ചായത്ത്

മാരകലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിന് 100 ദിന കര്‍മ പദ്ധതിയുമായി മലപ്പുറം ജില്ലാപഞ്ചായത്ത്. ഇതിന്റെ ഭാഗമായി ഏപ്രില്‍ 15 മുതല്‍  പ്രചാരണ പരിപാടികള്‍ ആരംഭിക്കും. പൊലീസ്-എക്‌സൈസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, മറ്റ് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, മത-സാമൂഹ്യ-സന്നദ്ധസംഘടനാപ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാപ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.
  ലഹരിമുക്ത മലപ്പുറം എന്ന ലക്ഷ്യവുമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ  പങ്കെടുപ്പിച്ചുകൊണ്ട് ക്യാംപയിന്‍ ശക്തമാക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പറഞ്ഞു. ജില്ലയില്‍ നിന്ന് ലഹരിയെ പൂര്‍ണമായും തുടച്ചുനീക്കും. വിദ്യാഭ്യാസ രംഗത്ത് ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വിജയിപ്പിച്ച ജില്ലാപഞ്ചായത്തിന്റെ മുന്‍കാല അനുഭവം ഇവിടെ മാതൃകയാക്കണമെന്നും പ്രസിഡന്റ് പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി കുട്ടികളിലെ സര്‍ഗാത്മകതയുടെ പ്രകാശനങ്ങള്‍ക്ക് വഴിയൊരുക്കണമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ പി.കെ ജയരാജ് പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ബിനാലേ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.  ലഹരിക്കെതിരെ ജില്ലാപഞ്ചായത്തും ജില്ലാഭരണകൂടവും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് യോഗത്തില്‍ പങ്കെടുത്ത സംഘടനാപ്രതിനിധികള്‍ അറിയിച്ചു. ലഹരിയുടെ ഉപയോഗം മൂലമുണ്ടാകുന്ന വിപത്തുകളെക്കുറിച്ചുള്ള നേരനുഭവങ്ങള്‍ അധ്യാപകരും വിദ്യാര്‍ഥിസംഘടനാപ്രതിനിധികളും യോഗത്തില്‍ വിവരിച്ചു.
യോഗത്തില്‍ പങ്കെടുത്ത വിദഗ്ധരുടെയും സംഘടനാപ്രതിനിധികളുടെയും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജില്ലാപഞ്ചായത്ത് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യും. വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ എന്‍.എ കരീം, നസീബ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.

date