Skip to main content

പരിസര മലിനീകരണത്തിന് ഫാമുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴയിട്ട് സ്‌ക്വാഡ്

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ കടകളുടെ പരിസരത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടതും കത്തിച്ചതും കണ്ടെത്തിയതിനെ തുടര്‍ന്ന്   കുമ്പള ടൗണിലെ കള്ള് ഷാപ്പ് ഉടമയില്‍ നിന്നും,  കടയുടമയില്‍ നിന്നും 5000 രൂപ വീതം തല്‍സമയ പിഴ ഈടാക്കി. പൊതു ഓവു ചാലിലേക്ക്  ഇപ്പോഴും മലിനജലം ഒഴുക്കി വിടുന്ന ഏതാനും വീട്ടു ഉടമസ്ഥരെ കണ്ടെത്തിയതിനെ തുടര്‍ന്ന്  ലംഘനത്തിന് പിഴ ചുമത്തുകയും ആവര്‍ത്തിച്ചാല്‍ നിയമ പ്രകാരം പ്രോസീക്യൂഷന്‍ ഉള്‍പ്പെടെ യുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. റോഡരികിലെ ഓവുചാല്‍ സ്ലാബ് ഇട്ടു മൂടിയ  ഭാഗങ്ങളില്‍ ചില കടയുടമകള്‍ മലിനജലം ഒഴുക്കി വിടുന്നുവെന്ന പരാതിയില്‍ പിഡബ്ല്യുഡി വിംഗിനെ കൂടി  ഉള്‍പ്പെടുത്തി സ്ലാബ് തുറന്നു പരിശോധിക്കുന്നതിന്  സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
         
കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിലെ നെല്ലൂരിലുള്ള പന്നിഫാമിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിന് ഉടമയില്‍ നിന്നും 5000 രൂപ തല്‍സമയപിഴ ഈടാക്കി. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ചീമേനി ടൗണിലെ  കടയുടമയില്‍ നിന്നും 3000 രൂപ തത്സമയ പിഴ ഈടാക്കിയിട്ടുണ്ട്. ബദിയടുക്ക ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് 5000 രൂപയും ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോളേജ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് 3000 രൂപ വീതവും പിഴ ഈടാക്കിയിട്ടുണ്ട്.
പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ്  സ്‌ക്വാഡ് ലീഡര്‍ കെ.വി മുഹമ്മദ് മദനി, ഹെഡ് ക്ലാര്‍ക്ക് പി.വി അനില്‍ കുമാര്‍, സീനിയര്‍ ക്ലാര്‍ക്ക് എം.ജോയ് കുട്ടി , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി സൗമ്യ , സ്‌ക്വാഡ് അംഗം ഇ.കെ ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.

date