ചെന്ത്രാപ്പിന്നിയിലും പറപ്പൂക്കരയിലും ഡിജിറ്റല്‍ സര്‍വെ കേരള സര്‍വെയും അതിരടയാളവും പൂര്‍ത്തിയാക്കി; പരാതികള്‍ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേനയോ നേരിട്ടോ അറിയിക്കാം
തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലെ ചെന്ത്രാപ്പിന്നി വില്ലേജില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെയും മുകുന്ദപുരം താലൂക്കിലെ പറപ്പൂക്കര വില്ലേജില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെയും ഡിജിറ്റല്‍ സര്‍വെ കേരള സര്‍വെയും അതിരടയാളവും പൂര്‍ത്തിയാക്കിയതായി റിസര്‍വെ സൂപ്രണ്ടോഫീസ് ഹെഡ് സര്‍വെയര്‍ (ഇന്‍ചാര്‍ജ്) അറിയിച്ചു. ചെന്ത്രാപ്പിന്നി വില്ലേജിലെ സര്‍വെ റെക്കോര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിനു മുന്‍വശമുള്ള വില്ലേജ് ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പറപ്പൂക്കരയിലേത് പോര്‍ട്ടലിനൊപ്പം വില്ലേജ് ഓഫീസിന് സമീപമുള്ള മൂത്രത്തിക്കര കാട്ടൂക്കാരന്‍ കോംപ്ലക്‌സിന്റെ ഒന്നാം നിലയിലുള്ള പറപ്പൂക്കര വില്ലേജ് ഡിജിറ്റല്‍ സര്‍വെ ക്യാമ്പിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാവുന്നതാണ്. കൂടാതെ അതത് ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവൃത്തി സമയത്തും റെക്കാര്‍ഡുകള്‍ പരിശോധിക്കാനാകും. സര്‍വെ റെക്കാഡുകളില്‍ ആക്ഷേപമുണ്ടെങ്കില്‍ 30 ദിവസത്തിനകം ചേര്‍പ്പ് റീ സര്‍വെ സൂപ്രണ്ടിന് നേരിട്ടോ, 'എന്റെ ഭൂമി' പോര്‍ട്ടല്‍ മുഖേനയോ അപ്പീല്‍ സമര്‍പ്പിക്കണം. നിശ്ചിത ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിച്ചില്ലെങ്കില്‍ റീസര്‍വെ റെക്കോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരു വിവരം, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് അന്തിമ വിജ്ഞാപനം പരസ്യപ്പെടുത്തി രേഖകൾ അന്തിമമാക്കുമെന്നും ഹെഡ് സര്‍വെയര്‍ (ഇന്‍ചാര്‍ജ്) അറിയിച്ചു.
സര്‍വെ സമയത്ത് തര്‍ക്കം ഉന്നയിച്ച് തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥര്‍ക്ക് ഈ അറിയിപ്പ് ബാധകമായിരിക്കുന്നതല്ല.
- Log in to post comments