ചികിത്സയ്ക്കായി രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരെ മാത്രം സമീപിക്കണം
എല്ലാ രോഗികളും രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സിന്റെ അടുത്ത് മാത്രമേ ചികിത്സ തേടാൻ പാടുള്ളുവെന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ് ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ അറിയിച്ചു. മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഇല്ലാത്ത വ്യാജ ചികിത്സകരിൽ നിന്നും ചികിത്സ നേടുന്നത് ആരോഗ്യത്തിന് അപകടം ഉണ്ടാക്കും. അത്തരക്കാരെ കുറിച്ച് വിവരം ലഭിച്ചാൽ മെഡിക്കൽ കൗൺസിലിനെ അറിയിക്കേണ്ടതുമാണ്.
കേരളത്തിൽ രോഗികളെ പരിശോധിക്കുന്നതിനും ചികിത്സ നിശ്ചയിക്കുന്ന മരുന്നുകൾ നൽകുന്നതിനും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാർക്ക് മാത്രമാണ് അധികാരം. കൗൺസിൽ രജിസ്‌ട്രേഷൻ ഇല്ലാതെ ചികിത്സ നടത്തുന്നത് കെ.എസ്.എം.പി ആക്ട് 2021 പ്രകാരം കുറ്റകരമാണ്.
മോഡേൺ മെഡിസിൻ, ഹോമിയോപ്പതി മെഡിസിൻ, ആയുർവേദം, സിദ്ധ, യുനാനി, പ്രകൃതി ചികിത്സാ വിഭാഗങ്ങളെയാണ് അംഗീകൃത ചികിത്സാ ശാസ്ത്രശാഖകളായി അംഗീകരിച്ചിരിക്കുന്നത്. നാഷണൽ മെഡിക്കൽ കമ്മീഷൻ, നാഷണൽ കമ്മീഷൻ ഓഫ് ഇൻഡ്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ കമ്മീഷൻ ഓഫ് ഹോമിയോപ്പതി മെഡിസിൻ, കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ചികിത്സാനുവാദവും രജിസ്‌ട്രേഷനും നൽകുന്നത്. എല്ലാ ആയുർവേദ, യുനാനി, സിദ്ധ, ബിഎൻവൈഎസ് രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സിനും ചർമ്മ രോഗങ്ങൾ, സൗന്ദര്യ വർദ്ധക ചികിത്സ തുടങ്ങി എല്ലാ രോഗങ്ങൾക്കും ചികിത്സിക്കാനുള്ള പൂർണ്ണ അധികാരം നൽകുന്നുണ്ട്. എൻ.സി.ഐ.എസ്.എം റെഗുലേഷൻ 2023 റഗുലേഷൻ 18 പ്രകാരം ഇത് ഉറപ്പ് നൽകുന്നുണ്ടെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
പി.എൻ.എക്സ് 1306/2025
- Log in to post comments