കുട്ടനാട്ടിലെ 29 ഗ്രാമീണ റോഡുകൾക്ക് 8.41 കോടിയുടെ ഭരണാനുമതി: തോമസ് കെ തോമസ് എംഎൽഎ
കുട്ടനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ പരിധിയിലുള്ള 29 ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് 8.41 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. കുട്ടനാട്ടിലെ ഗ്രാമീണ റോഡുകളുടെ സമ്പൂർണ്ണ നവീകരണം ലക്ഷ്യമിട്ടാണ് പദ്ധതികൾ ആവിഷ്കരിക്കുന്നതെന്നും ഈ ഫണ്ടിൽ ഉൾപ്പെടാത്ത ഗ്രാമീണ റോഡുകൾ എംഎൽഎ ഫണ്ട് ഉൾപ്പടെയുള്ള പദ്ധതികൾ വഴി പുനർനിർമ്മിച്ച് കുട്ടനാട്ടിലെ ഗതാഗതസൗകര്യം മികച്ചതാക്കിമാറ്റാനുള്ള നടപടി കൈക്കൊള്ളുമെന്നും എംഎൽഎ പറഞ്ഞു.
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലേയ്ക്ക് സമർപ്പിച്ച 35 റോഡുകളുടെ പട്ടികയിൽ നിന്നുള്ള 29 റോഡുകൾക്കാണിപ്പോൾ ഫണ്ട് അനുവദിച്ചത്. ഇതിൽ 19 റോഡുകൾക്കായി 6.09 കോടി രൂപ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും അനുവദിച്ചിരുന്നു. 2.32 കോടി രൂപ എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും അനുവദിച്ചതും ചേർത്താണ് 8.41കോടി വിനിയോഗിച്ച് 29 ഗ്രാമീണ റോഡുകളുടെ നിർമ്മാണം നടത്തുക.
വീയപുരം പ്രയാറ്റേരി മണിയങ്കരി റോഡ്, തലവടി ആംബുലൻസ് പാലം - ഗൂർഖണ്ഡസാരി കലിങ്ക് റോഡ്, എസ്ബിഐ പടി - പുത്തൻപുര പങ്കിപ്പുറംപടി റോഡ്, കളങ്ങര യുഗധാരാ പടി - കങ്കായത്തോട് റോഡ്, എടത്വാ പാലപ്പറമ്പിൽ പടി - അട്ടിച്ചിറ റോഡ്, ഇല്ലിമൂട് - എടത്വ മാർക്കറ്റ് റോഡ്, മുട്ടാർ മൊഴികാട് പടി - കൈതവന പടി റോഡ്, വാരിയത്ത് പാലം - കണ്ണംകുളം പാലം റോഡ്, തകഴി മുക്കട പാലം - വടക്കേകരയിൽ പടിഞ്ഞാറ് ഭാഗത്തേയ്ക്ക് തോണിക്കടവ് റോഡ്, സിഎസ്ഐ പള്ളി റോഡ്, വിജലഭ- കോന്തങ്കരി റോഡ്, രാമങ്കരി ഗുരുമന്ദിരം - 240ൽ മോട്ടോർ തറ റോഡ്, മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷൻ - എസ്എൻഡിപി റോഡ്, വെളിയനാട് കിഴക്കേ പുത്തൻപുരയ്ക്കൽ മുട്ട് - ആറ്റുകടവ് റോഡ്, ഗുരുമന്ദിരം തെക്ക് ഭാഗത്തേയ്ക്ക് കളരിത്ര റോഡ്, എസ്എൻഡിപി ശ്മശാനം - കടത്തുകടവ് റോഡ്, ചമ്പക്കുളം 60ൽ ചിറ - പൂത്തറ പാലം റോഡ്, മങ്കൊമ്പ് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് ജംഗ്ഷൻ - ആറ്റുകടവ് റോഡ്, പുളിങ്കുന്ന് എട്ടിൽ പാലം - പിഡബ്ല്യൂഡി റോഡ്, വേണാട്ടുകാട് റോഡ്, നെടുമുടി കോയിക്കാട് പാലം - നന്മ സ്റ്റോർ റോഡ്, വിളക്കുമരം - നാൽപ്പതിൻ ചിറ ജെട്ടി റോഡ്, പുളിംകുന്ന് കാനാച്ചേരി - കാഞ്ഞിക്കൽ ചിറ റോഡ്, കൈനകരി മനവേലി തോട് വടക്കേക്കരയിൽ പടിഞ്ഞാറ് ഭാഗത്തേയ്ക്ക് കായൽ ചിറ ജെട്ടി റോഡ്, ചെറുകായൽ പടിഞ്ഞാറ് ഉമ്പിക്കാരം പാലം മുതൽ വടക്ക് ഭാഗത്തേയ്ക്ക് റോഡ്, നീലംപേരൂർ നാരകത്ര - മുക്കോടി - കിളിയങ്കാവ് ബോട്ട് ജെട്ടി റോഡ്, കണിയാന്തറ നഗർ - 19ൽ ചിറ റോഡ്, കാവാലം തിരുവിളങ്ങാട് ക്ഷേത്രം - കളത്തിൽ പാലം റോഡ്, രാജപുരം - കറുകപ്പാടം - പരുന്ത് വാലൻ ചിറ റോഡ് എന്നീ റോഡുകളാണ് നിർമ്മിക്കുന്നത്. ഇതിൽ ചില റോഡുകൾ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ ഘട്ടത്തിലെത്തിയിട്ടുണ്ട്. മറ്റുള്ളവയുടെ സാങ്കേതികാനുമതി ലഭിച്ചാലുടൻ ടെന്‍ഡർ ചെയ്ത് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം വഴിയാണ് റോഡുകളുടെ നിർമ്മാണം നടത്തുന്നത്.
(പിആർ/എഎൽപി/932)
- Log in to post comments