Skip to main content

കാര്‍ഷിക, ആരോഗ്യ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

 

 

കാര്‍ഷിക, ആരോഗ്യ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 ബജറ്റ്. 45,78,45,820 രൂപ വരവും 45,40,51,160 രൂപ ചെലവും 37,94,660 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ് അവതരിപ്പിച്ചത്.
ഉല്‍പാദന മേഖലയിലെ പ്രധാന പദ്ധതികളായ പോഷകശ്രീ, തരിശ് ഭൂമി കൃഷി, ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, തീറ്റപ്പുല്‍ സബ്സിഡി എന്നിവ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വന്തമായ പദ്ധതികളാണ്. കാര്‍ഷിക മേഖലയില്‍ പച്ചക്കറിത്തോട്ടം, തരിശുഭൂമിയില്‍ കൃഷി, ഇഞ്ചി കൃഷി തുടങ്ങിയവക്ക് ബജറ്റില്‍ 37.96 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ക്ഷീര മേഖലയില്‍, പാലിന് സബ്സിഡി, ത്രിണകം എന്നീ പദ്ധതികള്‍ക്ക് 45 ലക്ഷം രൂപ നീക്കിവെച്ചു. ചെറുകിട വ്യവസായ മേഖലയില്‍ 20 ലക്ഷവും വകയിരുത്തി.
തൊഴിലുറപ്പ് പദ്ധതിയില്‍ 21,81,05,500 രൂപ, യുവജന ക്ഷേമത്തിന് 2.50 ലക്ഷം, നാടന്‍ കലാരൂപങ്ങളുടെ പ്രോത്സാഹനത്തിന് 3.60 ലക്ഷം, സേവന മേഖലക്ക് 55 ലക്ഷം, ആരോഗ്യ മേഖലയില്‍ 50 ലക്ഷം, പട്ടികജാതി ക്ഷേമത്തിന് 80 ലക്ഷം, വനിതാ ക്ഷേമത്തിന് 18.1 ലക്ഷം എന്നിങ്ങനെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സി. ശകുന്തള, സനിത രാജീവ്, എന്‍. ശര്‍മ, സെക്രട്ടറി ഷിബി, ആസൂത്രണ ഉപാധ്യക്ഷന്‍ പി.വി. സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

 

date