രണ്ടുദിവസത്തെ പരിസ്ഥിതി സംഗമത്തിന് സമാപനം
ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന പരിസ്ഥിതി സംഗമത്തിന് സമാപനം. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യ പരിപാലനം, നെറ്റ് സീറോ കാർബൺ കേരളം എന്നീ മികച്ച മാതൃകകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിസ്ഥിതി സംഗമം മികച്ച ജനകീയ വിദ്യാഭ്യാസ പരിപാടിയായി മാറി. മാർച്ച് 24 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പരിസ്ഥിതി സംഗമം ഉദ്ഘാടനം ചെയ്തത്.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്നുവരുന്ന മികച്ച മാതൃകാ പ്രവർത്തനങ്ങളിൽ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് 15 അവതരണങ്ങളും മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് 25, നെറ്റ് സീറോ കാർബൺ കേരളവുമായി ബന്ധപ്പെട്ട് 10ഉം, പച്ചത്തുരുത്തുകളുടെ മാതൃകാ പ്രവർത്തനങ്ങളായി 13 ഉം അവതരണങ്ങളാണ് രണ്ട് സമാന്തര വേദികളിലായി അവതരിപ്പിക്കപ്പെട്ടത്. പരിസ്ഥിതി മേഖലയിലെ വിദഗ്ധരുടെ പാനലാണ് ഈ അവതരണങ്ങൾക്ക് നേതൃത്വം നൽകിയത്. പരിസ്ഥിതി സംഗമം സമാപന സെഷനിൽ നെറ്റ് സീറോ കാർബൺ കേരളം പ്രവർത്തനങ്ങളിൽ പങ്കാളികളായ സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ വിതരണം ചെയ്തു. പരിസ്ഥിതി സംഗമം ശക്തമായ ജനകീയ വിദ്യാഭ്യാസമായി മാറിയതായി ഡോ. ടി. എൻ സീമ പറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ ഡോ. ജിജു പി. അലക്‌സ് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ എബ്രഹാം കോശി സ്വാഗതവും നവകേരളം കർമപദ്ധതി അസിസ്റ്റന്റ് കോർഡിനേറ്റർ ടി. പി. സുധാകരൻ നന്ദിയും പറഞ്ഞു. പരിസ്ഥിതി സംഗമത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി ആയിരത്തിലധികം ആളുകൾ പങ്കെടുത്തു.
പി.എൻ.എക്സ് 1313/2025
- Log in to post comments