തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം: കണിച്ചുകുളങ്ങരയിലെ എബിസി സെന്റർ മന്ത്രി ചിഞ്ചുറാണി ഇന്ന് (27ന്) നാടിന് സമർപ്പിക്കും
തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾക്കുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങരയിൽ നിർമ്മാണം പൂർത്തീകരിച്ച അനിമൽ ബർത്ത് കൺട്രോൾ സെന്റർ (എബിസി സെന്റർ) മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഇന്ന് (മാർച്ച് 27ന്) ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് കണിച്ചുകുളങ്ങര വെറ്റിനറി ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയാകും. പി പി ചിത്തരഞ്ജൻ എംഎൽഎ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് സ്വാഗതം ആശംസിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി വി അരുണോദയ റിപ്പോർട്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 38,24,000 രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് എബിസി സെന്ററിന്റെ നിർമ്മാണം. 840 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രധാന കെട്ടിടം, അനുബന്ധ സൗകര്യങ്ങൾക്ക് നിർമ്മിച്ചിരിക്കുന്ന ഷെഡുകൾ, 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ എന്നിവ ഉൾപ്പെടെയാണ് സെന്റർ ഒരുക്കിയിട്ടുള്ളത്. ശസ്ത്രക്രിയ നടത്താനുള്ള തിയേറ്റർ, പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് മുറികൾ, ജീവനക്കാർക്കുള്ള മുറി, എബിസി ഓഫീസ്, സ്റ്റോർ, മാലിന്യ നിർമാർജ സൗകര്യം, അടുക്കള തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ദിവസം 10 ശസ്ത്രക്രിയകൾ വരെ നടത്താനുള്ള സജ്ജീകരണങ്ങളാണ് കേന്ദ്രത്തിലുള്ളത്. ഒരു വെറ്ററിനറി സർജൻ, നാല് മൃഗപരിപാലകർ, ഒരു തീയേറ്റർ സഹായി, ഒരു ശുചീകരണ തൊഴിലാളി, നായപിടുത്ത സംഘം എന്നിവരെ സെന്റർ പ്രവർത്തനങ്ങൾക്കായി നിയമിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിനു ഐസക് രാജു, വത്സല മോഹൻ, എം വി പ്രിയ, അഡ്വ. റ്റി എസ് താഹ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി ജി മോഹനൻ, കെ ഡി മഹീന്ദ്രൻ, ചേർത്തല നഗരസഭ അധ്യക്ഷ ഷേർളി ഭാർഗവൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ വി സുജ, ചീഫ് വെറ്റിനറി ഓഫീസർ ഡോ. എസ് രമ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
(പിആർ/എഎൽപി/945)
- Log in to post comments