കോതമംഗലത്തെ അങ്കണവാടികൾ ഇനി ഹരിത അങ്കണവാടി
കോതമംഗലം നഗരസഭയിലെ 31 അങ്കവാടികളും ഇനിമുതൽ ഹരിത അങ്കണവാടികൾ. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ, ബസ് സ്റ്റാന്റുകൾ, കവലകൾ തുടങ്ങിയവയെല്ലാം ഹരിത പദവിയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തതനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.
ഹരിത കേരള മിഷൻ നിശ്ചയിച്ച ശുചിത്വ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ഗ്രേഡിംഗ് നടത്തിയാണ് സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി അനുവദിക്കുന്നത്. മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള ബിൻ സൗകര്യവും, ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കുന്നതിനുള്ള സംവിധാനവും, ദ്രവ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടാകണം. നഗരസഭയുടെ മുപ്പത്തൊന്ന് അംഗൻവാടികളിലും ഈ സ്വകര്യങ്ങൾ ഉറപ്പാക്കി ലഭ്യമായ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി പൂന്തോട്ടവും ജൈവ പച്ചക്കറി കൃഷിയും ആരംഭിച്ചിട്ടുണ്ട്.
കരിപ്പുഴകടവ് അങ്കണവാടിയിൽ വാർഡ് കൗൺസിലർ മിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ ഹരിത അങ്കണവാടിയുടെ നഗരസഭാ തല പ്രഖ്യാപനം നടത്തി.
പ്രഖ്യാപന ചടങ്ങിൽ ഹരിത പദവി നേടിയ അങ്കണവാടികൾക്കുള്ള അംഗീകാരപത്രം നഗരസഭാ ചെയർമാൻ കൈമാറി.
നഗരസഭ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എ നൗഷാദ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി തോമസ്, ഐ.സി.ഡി.എസ് സുപ്പർവൈസർ വി.ബിന്ദ്യ, പി.വി കുര്യച്ചൻ, കുര്യാക്കോസ് മണക്കാട്ടുകുടി, ശശി കുഞ്ഞുമോൻ, ക്ലീൻ സിറ്റി മാനേജർ എൻ.എസ് ഷൈൻ, സീനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ ഒ.എം ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments