“വൃത്തി 2025'” ക്ലീൻ കേരളാ കോൺക്ലേവ് ഏപ്രിൽ 9 മുതൽ തലസ്ഥാനത്ത്
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യമുക്ത പ്രഖ്യാപനങ്ങളുടെ തുടർച്ചയായി ‘വൃത്തി 2025’ എന്ന പേരിൽ ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരത്ത് കനകക്കുന്നിൽ ക്ലീൻ കേരള കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ ഏകോപനം നടത്തുന്ന കോൺക്ലേവിൽ ഹരിതകേരളം മിഷൻ, കുടുംബശ്രീ, കേരള ഖരമാലിന്യ പരിപാലന പദ്ധതി, കില, ക്ലീൻ കേരള കമ്പനി, ഇംപാക്ട് കേരള, അമൃത്, സ്മാർട്ട് സിറ്റി തൊഴിലുറപ്പുപദ്ധതി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളും മിഷനുകളും ഏജൻസികളും പങ്കാളികളാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നൂറിലധികം എക്സിബിറ്റർമാർ, ടെക്നോളജി വിദഗ്ധർ, ട്രേഡ് അസോസിയേഷനുകൾ, സ്റ്റാർട്ടപ്പുകൾ, സംരംഭകർ, അക്കാദമിക- ഗവേഷണ മേഖലയിലുള്ളവർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കലാ- സാംസ്കാരിക മേഖലയിലുള്ളവർ പൊതുജനങ്ങൾ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേർ കോൺക്ലേവിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.
ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനും അതിന്റെ സുസ്ഥിരതയ്ക്കും സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിനും പൊതുജനങ്ങളിൽ ശാസ്ത്രീയ മാലിന്യ സംസ്‌കരണം സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും മാലിന്യസംസ്‌കരണ മേഖലയിൽ നിക്ഷേപത്തിനും വിദഗ്ധ ഏജൻസികളെ ലഭ്യമാകുന്നതിനുമാണ് കോൺക്ലേവ് ലക്ഷ്യമിടുന്നത്.
കോൺക്ലേവിന്റെ ഉദ്ഘാടനം ഏപ്രിൽ 9 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തദ്ദേശഭരണവകുപ്പുമന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിക്കും. 12 ന് നടക്കുന്ന സമാപന സമ്മേളനം ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും. എക്സിബിഷനുകൾ 13 നും തുടരും.
ഖര-ദ്രവ-മറ്റുതരം മാലിന്യസംസ്കരണം, കാലാവസ്ഥാ വ്യതിയാനം, സർക്കുലർ എക്കോണമി, മാലിന്യസംസ്കരണത്തിലെ കേരള മാതൃക, ദേശീയ-അന്തർദേശീയ മാതൃകകളുടെ അവതരണങ്ങൾ, മാതൃകാ പദ്ധതികളുടെ അവതരണങ്ങൾ, വാർഡ് തലം മുതൽ സംസ്ഥാനതലം വരെ നീണ്ടുനിൽക്കുന്ന ശുചിത്വ പ്രഖ്യാപനങ്ങളും സംഗമങ്ങളും കോൺക്ലേവിനു മുന്നോടിയായി നടക്കും. 100 ലേറെ സ്റ്റാളുകളുൾപ്പെടുന്ന പ്രദർശനം, ലൈവ് ഡമോൺസ്ട്രേഷൻ, ഖര-ദ്രവ-പ്രത്യേകതരം മാലിന്യ സംസ്‌കരണ രീതികളുടെ മിനിയേച്ചർ മാതൃകകൾ, വേസ്റ്റ് ടു ആർട് ഇൻസ്റ്റലേഷൻസ്, ബിസിനസ്സ് മീറ്റ്, ഇന്നൊവേഷൻ മീറ്റ്, വേസ്റ്റത്തോൺ, കലാപരിപാടികൾ, അവാർഡുകൾ, വിവിധ മത്സരങ്ങൾ, സ്കൂൾ, കോളേജ് തല പ്രവർത്തനങ്ങൾ, മികച്ച മാതൃകകളുടെ അവതരണം എന്നിവ കോൺക്ലേവിലുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ് 1324/2025
- Log in to post comments