Skip to main content

ജോയ് മാലിന്യ മുക്ത നവകേരളത്തിന്റെ രക്തസാക്ഷി : മന്ത്രി എം ബി രാജേഷ്

ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനിടെ ജീവൻ നഷ്ടമായ ജോയ് മാലിന്യ മുക്ത നവകേരളത്തിന്റെ രക്തസാക്ഷിയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജോയിയുടെ അമ്മ മെൽഗിക്ക് നിർമിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടിൽ ചടങ്ങിന് ശേഷം നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജോയിയുടെ ഓർമകൾക്ക് ഉചിതമായ ആദരവ് കേരളം നൽകേണ്ടത് മാലിന്യ പ്രശ്‌നം ഇല്ലാതാക്കിക്കൊണ്ടാകണം. ജോയിയുടെ കുടുംബത്തിന് സംസ്ഥാന ഗവൺമെന്റ് നൽകിയ വാക്ക് പൂർണമായി പാലിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്ത് ലക്ഷം രൂപ ആദ്യം അനുവദിച്ചിരുന്നു. റയിൽവേ ഭൂമിയിൽ കരാർ ജോലി ചെയ്തിരുന്നപ്പോഴാണ് ജോയിക്ക് അപകടം സംഭവിച്ചത്. എന്നാൽ ഈ സങ്കേതികതക്കപ്പുറം ധാർമികമായ നിലപാടാണ്  സംസ്ഥാന ഗവൺമെന്റ് സ്വീകരിച്ചത്. കോർപ്പറേഷൻ പരിധിക്ക് പുറത്ത് വീടു വെച്ചു നൽകുന്നതിനുള്ള അനുമതി തിരുവനന്തപുരം കോർപ്പറേഷനും ഭൂമി വാങ്ങുന്നതിന് കൂടുതൽ തുക ചെലവഴിക്കുന്ന നിനുള്ള പ്രത്യേക അനുമതി ജില്ലാ പഞ്ചായത്തിനും സംസ്ഥാന ഗവൺമെന്റ് പ്രത്യേക ഉത്തരവിലൂടെ അതിവേഗം നൽകി. മകൻ നഷ്ട്ടപ്പെട്ട വേദന ഇല്ലാതാക്കാൻ കഴിയില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളുമ്പോഴും കുടുംബത്തെ ചേർത്തു പിടിക്കുക എന്ന ധാർമികതയാണ് സംസ്ഥാന ഗവൺമെന്റും കോർപ്പറേഷനും ജില്ലാപഞ്ചായത്തും സംയുക്തമായി സ്വീകരിച്ചത്. നാല് മാസം കൊണ്ട് വീട് നിർമാണം പൂർത്തിയാക്കി പുതിയ വീട്ടിലേക്ക് ജോയിയുടെ അമ്മ താമസം മാറുന്നതിനുള്ള നടപടി സ്വീകരിച്ചു.

2023 ൽ ആരംഭിച്ച മാലിന്യ മുക്ത നവകേരളം പദ്ധതിക്ക് ശേഷം മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിന് പതിനായിരവും ജലാശയങ്ങളിൽ നിക്ഷേപിക്കുന്നതിന് ഒരു ലക്ഷവുമാണ് പിഴ. പതിനായിരത്തോളം നിരീക്ഷണ ക്യാമറകൾ ഇതിനായി സംസ്ഥാന വ്യാപകമായി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ്. ഓരോ വ്യക്തിയും ശ്രമിക്കുന്നതിലൂടെ മാത്രമേ മാലിന്യ മുക്തമായ നവകേരളം സാധ്യമാകൂ എന്നും പൊതു സമൂഹം അതിനായി അണിനിരക്കണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഭൂമിയുടെ രേഖ മന്ത്രി എം ബി രാജേഷ് ജോയിയുടെ അമ്മക്ക് കൈമാറി.  മേയർ ആര്യാ രാജേന്ദ്രൻഅധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ സ്വാഗതമാശംസിച്ചു. ഡപ്യൂട്ടി മേയർ പി കെ രാജുപെരുങ്കടവിള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേന്ദ്രൻക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻജില്ലാ പഞ്ചായത്ത് അംഗം വി എസ് ബിനുനഗരസഭ കൗൺസിലർ ഡി ആർ അനിൽഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുഗ്രാമപ്പഞ്ചായത്ത് അംഗം കെ രജികുമാർ തുടങ്ങിയവർ സംബന്ധിച്ചു.

ജോയിയുടെ മാതാവിന് നിർമിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടിൽ മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ജോയിയുടെ അമ്മ മെൽഗി താമസിക്കുന്ന തിരുവനന്തപുരം മാരായമുട്ടത്തെ വീടിന് സമീപത്ത് തിരുവനന്തപുരം ജില്ല പഞ്ചായത്ത് കണ്ടെത്തിയ ഭൂമിയിലാണ്  വീട് നിർമാണം ആരംഭിക്കുന്നത്.

അണമുഖം വാർഡിലെ കോണത്തുവിളാകത്ത് അഞ്ച് സെന്റ് ഭൂമി  ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 5 ലക്ഷം രൂപ ചെലവഴിച്ചാണ് വാങ്ങിയത്. തിരുവനന്തപുരം കോർപ്പറേഷൻ ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തിയാണ്  വീട് നിർമാണം പൂർത്തിയാക്കുക.

പി.എൻ.എക്സ് 1337/2025

date