മുക്കം നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു
മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മുക്കം നഗരസഭയെ മാലിന്യമുക്ത ഹരിതസഭയായി പ്രഖ്യാപിച്ചു. മുക്കം മിനി പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ ലിൻ്റോ ജോസഫ് എം എൽ എ പ്രഖ്യാപനം നടത്തി. ചടങ്ങിൽ നഗരസഭാ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെ പി ചാന്ദ്നി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നഗരസഭയിലെ 33 വാർഡുകളും വാർഡുകളിലെ സ്കൂളുകൾ, അംഗൻവാടികൾ, മറ്റു പൊതു സ്ഥാപനങ്ങളെയും നഗരത്തിലെ പൊതു ഇടങ്ങളെയും മാലിന്യ മുക്തമായി പ്രഖ്യാപിച്ച ശേഷമാണ് നഗരസഭയെ മാലിന്യ മുക്തമായി പ്രഖ്യാപിച്ചത്. മാലിന്യം വേർതിരിക്കാൻ ഹരിതകർമ്മ സേനയ്ക്ക് യൂസർഫീ കൈമാറൽ, സംസ്കരണം തുടങ്ങിയ മേഖലയിലെ മാതൃകാ പ്രവർത്തനം കാഴ്ചവെച്ച വീട്, സ്ഥാപനങ്ങൾ എന്നിവർക്ക് ആദരവ് നൽകി.
നഗരത്തിലെത്തുന്നവർക്ക് അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പൊതു സ്ഥലങ്ങളിൽ ഇരട്ട ബിന്നുകൾ, എല്ലാ വാർഡുകളിലും ശുചിത്വ സന്ദേശ ബോർഡുകൾ, ഡിവൈഡറുകളിലും കൈവരിയിലും പൂച്ചെട്ടി വെച്ചുപിടിപ്പിക്കൽ, ഭിത്തികളിലും മറ്റും ശുചിത്വ സന്ദേശങ്ങൾ, കൈവരികളിലും മറ്റും പെയ്ന്റിംഗ് തുടങ്ങിയ പ്രവർത്തികൾ നടത്തിയും വീടുകളിലെ അജൈവ മാലിന്യങ്ങൾ വൃത്തിയായി സൂക്ഷിച്ച് ഹരിതകർമസേനക്ക് കൈമാറുന്നതിനായി എല്ലാ വീടുകളിലും ഒരു ചാക്കും ഒരു പ്ലാസ്റ്റിക് ബിന്നും നടപ്പാക്കിക്കൊണ്ടുമുള്ള പ്രവർത്തനങ്ങൾ നഗരസഭ നടത്തിയിട്ടുണ്ട്. എല്ലാ വാർഡുകളിലും മൈക്ക് അനൗൺസ്‌മെന്റ് നടത്തിയിട്ടുണ്ട് കൂടാതെ വീടുകളിലെ ജൈവമാലിന്യ സംസ്കരണത്തിനായി റിങ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, കിച്ചൻ ബിൻ, ജി ബിൻ തുടങ്ങിയവയും നഗരസഭാ നൽകിയിട്ടുണ്ട്. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയും കുറ്റക്കാരെ കണ്ടെത്തി നിയമ ലംഘനത്തിന് പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. പ്രഖ്യാപനത്തിനു ശേഷം എല്ലാ ദിവസവും പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതാണ്.
എല്ലാ വീട്ടുകാരും സ്ഥാപനങ്ങളും മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ചു അജൈവ മാലിന്യങ്ങൾ ഹരിതകർമസേനയ്ക്ക് നൽകിയും ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ചും നഗരത്തിന്റെ വൃത്തി നിലനിർത്തി പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിയാവണമെന്നും ചെയർമാൻ അറിയിച്ചു.
ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി കുഞ്ഞൻ, ഇ സത്യനാരായണൻ, അബ്ദുൾ മജിദ്, പ്രജിതാ പ്രദീപ് കൗൺസിലർമാരായ ഗഫൂർ കല്ലുരുട്ടി, വേണു കല്ലുരുട്ടി, എം ടി വേണുഗോലൻ, അബ്ദുൾഗഫൂർ, എൻ ബി വിജയകുമാർ, കെ മോഹനൻ , ടി കെ സാമി, സെക്രട്ടറി ബിബിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രപതി വിശ്രഷ്ട സേവന ബഹുമതി അർഹനായ പി ഉണ്ണികൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.
- Log in to post comments