വെള്ളാനി-പുളിയംപാടം കാർഷിക വികസന പദ്ധതിക്ക് മൂന്നു കോടി രൂപയുടെ ഭരണാനുമതി: മന്ത്രി ഡോ. ആർ ബിന്ദു
കാറളം ഗ്രാമ പഞ്ചായത്തിലെ ചെമ്മണ്ട പുളിയംപാടം പാടശേഖരത്തിൽ ഉൾപ്പെടുന്ന വെള്ളാനി - പുളിയംപാടം സമഗ്ര കാർഷിക വികസന പദ്ധതിക്ക് മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. തരിശുരഹിത ഇരിങ്ങാലക്കുട ലക്ഷ്യവുമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'പച്ചക്കുട' സമഗ്ര കാർഷിക-പാരിസ്ഥിതിക വികസന പദ്ധതിയുടെ ഭാഗമാണിത്.
നൂറ്റിയിരുപത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വെള്ളാനി-പുളിയംപാടം പാടശേഖരത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതിൽ 14 ലക്ഷം രൂപ മോട്ടോർ പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുവാനും 25 ലക്ഷം രൂപ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കുവാനും ബാക്കി തുക ഫാം റോഡുകൾ, സ്ലൂയിസുകൾ, ട്രാക്ടർ റാമ്പുകൾ, കിടകൾ തുടങ്ങിയവയ്ക്കായും വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
പദ്ധതിക്ക് സാങ്കേതികാനുമതിയും ലഭ്യമാക്കി എത്രയും വേഗം നിർമാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
- Log in to post comments