Skip to main content

പൂങ്കാവ് പള്ളിയില്‍ വിശുദ്ധവാരാചരണ തീര്‍ഥാടനം: ഈ വർഷം മുതൽ രാത്രിയിലും ആംബുലൻസ് ഉൾപ്പടെയുള്ള ആരോഗ്യ സേവനം

ആലപ്പുഴ പൂങ്കാവ് പള്ളിയില്‍ ഈ വര്‍ഷത്തെ വിശുദ്ധവാരാചരണ തീര്‍ത്ഥാടനം ഏപ്രില്‍ 13  മുതല്‍ 20  വരെ നടക്കുന്നതിന്റെ ഭാഗമായി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.
  
വാരാചരണം പ്രമാണിച്ച്  കെ എസ് ആർ ടി സി പ്രത്യേക സർവീസുകൾ  നടത്തുമെന്ന്  എം.എല്‍.എ. അറിയിച്ചു.   ഈ വർഷം മുതൽ രാത്രിയിലും ആംബുലൻസ് സൗകര്യമടക്കം ആരോഗ്യവകുപ്പിന്റെ സേവനങ്ങളുണ്ടാകും. ആംബുലൻസിൻ്റെ സുഗമമായ ഗതാഗതത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ആയുർവേദം, ഹോമിയോ തുടങ്ങിയ വകുപ്പുകളുടെ സേവനവും ലഭ്യമാക്കും. ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ കടകളിൽ പരിശോധനയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് കർശനമായ പരിശോധനകളും നടത്തും. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ശുചീകരണത്തിന് കൃത്യമായ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിൽ മുടക്കം വരാതിരിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും  എം എൽ എ പറഞ്ഞു. പൊലീസിന്റെ ഭാഗത്തു നിന്നും ജാഗ്രതയോടുകൂടിയുള്ള പ്രവർത്തനം  വേണമെന്നും  പുതിയകാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത എക്സൈസ് വകുപ്പ് പ്രവർത്തിക്കണമെന്നും എംഎൽഎ പറഞ്ഞു.ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കണം എന്നും പറഞ്ഞു.

 സബ് കളക്ടർ സമീർ കിഷൻ, പള്ളി വികാരി ഫാ:  സേവ്യർ ചിറമേൽ,    ഡി വൈ എസ് പി  മധു ബാബു,   അസി.  എക്‌സൈസ് കമ്മീഷണർ  ഇ പി സിബി , എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, കെ. എസ് ആർ .ടി.സി., കെ .എസ് . ഇ .ബി., ശുചിത്വമിഷന്‍, പി.ഡബ്ല്യു.ഡി. തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ , ജനപ്രതിനിധികൾ പൂങ്കാവ് പള്ളി പാരിഷ് ഹാളിൽ  ചേർന്ന  യോഗത്തില്‍ പങ്കെടുത്തു.          (പിആർ/എഎൽപി/963)

date