അകലൂര്‍ ഗവ. ഹൈസ്‌കൂളിന് പുതിയ കെട്ടിടം ഉദ്ഘാടനം 29 ന് മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിക്കും
അകലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 29ന് വൈകുന്നേരം അഞ്ച് മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും. പൊതു വിദ്യാഭ്യാസവകുപ്പിന്റെ 2022-23 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ 1.25 കോടി രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പുതിയ കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളാണ് ഒരുക്കിയിട്ടുള്ളത്. 1925 ല്‍ ആരംഭിച്ച അകലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിലവില്‍ 460 വിദ്യാര്‍ത്ഥികളുണ്ട്. ഓടിട്ട കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയത്തില്‍ പുതിയ ക്ലാസ് മുറികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം കൂടുതല്‍ ഉയര്‍ത്തുവാനും കഴിയും.
ഉദ്ഘാടന ചടങ്ങില്‍ അഡ്വ.കെ.പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രീത മോഹന്‍ദാസ്, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സുനിജ, എന്നിവര്‍ മുഖ്യാതിഥികളാകും.
- Log in to post comments