Skip to main content

അതിദാരിദ്ര്യമുക്തമായി തലശ്ശേരി നഗരസഭ

തലശ്ശേരി നഗരസഭയെ അതിദാരിദ്ര്യമുക്ത നഗരസഭയായി നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രഖ്യാപിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  സജീവമായ ഇടപെടല്‍ കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചതെന്നും ലഹരിക്കെതിരെ നിരന്തര ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാനകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജോബ് സ്റ്റേഷന്‍ ഉദ്ഘാടനവും സ്പീക്കര്‍ നിര്‍വഹിച്ചു. അതിദരിദ്ര്യരെ കണ്ടെത്തുന്നതിനും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മൈക്രോപ്ലാന്‍ ആവിഷ്‌കരിച്ചാണ് അതിദാരിദ്ര്യമുക്ത നഗരസഭ എന്ന ലക്ഷ്യം കൈവരിച്ചത്. തലശ്ശേരി നഗരസഭയില്‍ 104 കുടുംബങ്ങളിലായി 223 ഗുണഭോക്താക്കളാണുള്ളത്. ഹ്രസ്വകാലയളവില്‍ നടപ്പിലാക്കാവുന്ന പദ്ധതികള്‍, ഉടന്‍ നടപ്പിലാക്കുന്നവ, ദീര്‍ഘകാല പദ്ധതികള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് മൈക്രോപ്ലാന്‍ സേവനങ്ങള്‍ ലഭ്യമാക്കിയത്. അവകാശ രേഖകളായ റേഷന്‍ കാര്‍ഡ്, ഭിന്നശേഷി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍, സാമൂഹിക സുരക്ഷാ പെന്‍ഷന്‍, ആവശ്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കുക എന്നിവ അതിദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. 50 കുടുംബങ്ങള്‍ക്ക് 2023 നവംബര്‍ മുതല്‍ എല്ലാമാസവും ഭക്ഷ്യകിറ്റും ചികിത്സ ആവശ്യമുള്ള നൂറോളം പേര്‍ക്ക് തലശ്ശേരി ജനറല്‍ ആശുപത്രി മുഖേന മെഡിക്കല്‍ സേവനങ്ങളും ഉജ്ജീവനം പദ്ധതിയിലുള്‍പ്പെടുത്തി വരുമാനം ആവശ്യമുള്ള ഗുണഭോക്താക്കള്‍ക്ക് തൊഴിലും നല്‍കി. പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികള്‍ക്കുള്ള ശില്‍പശാലയും നടന്നു.
 
തലശ്ശേരി നഗരസഭാ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എം ജമുനാറാണി അധ്യക്ഷയായി. സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി ഹരി പുതിയില്ലത്ത് അതിദാരിദ്യ നഗരസഭാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. രത്നാകരന്‍ ജനകീയ ക്യാമ്പയിന്‍ വിശദീകരണം നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ എം.വി ജയരാജന്‍, സ്ഥിരം സമിതി അംഗങ്ങളായ ടി.സി. അബ്ദുള്‍ ഖിലാബ്, ഷബാന ഷാനവാസ്, ടി.കെ സാഹിറ, എന്‍. രേഷ്മ, സി. സോമന്‍, തലശ്ശേരി നഗരസഭാ സെക്രട്ടറി എന്‍. സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date