കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി ലിയോറ ഫെസ്റ്റ്' സമ്മര്‍ ക്യാമ്പ്
കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി 'ലിയോറ ഫെസ്റ്റ്' ജില്ലാതല സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മെയ് മാസത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. കുട്ടികള്‍ക്കിടയില്‍ ലഹരി വ്യാപകമായ സാഹചര്യത്തില്‍ ഓരോ കുട്ടിയുടെയും വ്യത്യസ്ത മേഖലകളിലുള്ള അഭിരുചികള്‍ കണ്ടെത്തി വിജ്ഞാനവും നൈസര്‍ഗിക വാസനകളും നല്‍കുന്ന സന്തോഷമാണ് യഥാര്‍ത്ഥ ലഹരിയെന്ന ബോധ്യം നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. നേതൃശേഷിയും ആശയവിനിമയ പാടവവും സര്‍ഗാത്മകതയും വികസിപ്പിച്ചുകൊണ്ട് കുട്ടികള്‍ക്ക് മാനസികവും ബൗദ്ധികവുമായ ഉണര്‍വ് നല്‍കുകയാണ് ലക്ഷ്യം.
സമ്മര്‍ ക്യാമ്പിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ബാലസഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ എട്ടിന് ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സംസ്ഥാനത്ത് എല്ലാ വാര്‍ഡുകളിലും വാര്‍ഡുതല ബാലസംഗമം സംഘടിപ്പിക്കും. ഇതില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് നഗരസഭാതലത്തില്‍ ഏകദിന ശില്‍പശാലയും തുടര്‍ന്ന് ബ്ലോക്ക്തല ഇന്നവേഷന്‍ ഫെസ്റ്റും സംഘടിപ്പിക്കും. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കാണ് മൂന്നു ദിവസത്തെ ജില്ലാതല സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഓരോ ജില്ലയിലും അമ്പത് കുട്ടികള്‍ വീതം സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കും.
തിയേറ്റര്‍ വര്‍ക്ക്ഷോപ്, ശാസ്ത്ര മാജിക്, കുട്ടികളും ധനകാര്യ മാനേജ്മെന്റും, സൈബര്‍ ക്രൈം; ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലീഡര്‍ഷിപ് തുടങ്ങി എട്ടോളം വ്യത്യസ്ത വിഷയങ്ങളാണ് സമ്മര്‍ ക്യാമ്പില്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക. തുടര്‍ന്ന് കുട്ടികള്‍ ഇതുമായി ബന്ധപ്പെട്ട അവതരണങ്ങള്‍ നടത്തും. ക്യാമ്പില്‍ മികവ് തെളിയിക്കുന്ന 140 കുട്ടികള്‍ക്ക് 2026-ലെ ' ഇന്റര്‍നാഷണല്‍ ഇന്നവേഷന്‍ കോണ്‍ക്‌ളേവില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
- Log in to post comments