കാഴ്ചപരിമിതരായ അധ്യാപകര്‍ക്കുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനം സമാപിച്ചു
കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് അധ്യാപക ഫോറത്തിന്റെയും ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി എജ്യുക്കേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാഴ്ചപരിമിതരായ അധ്യാപകര്‍ക്കുള്ള രണ്ടു ദിവസത്തെ മൂന്നാംഘട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലന പരിപാടി കൈറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ സമാപിച്ചു. പരിപാടി കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് അധ്യാപക ഫോറം പ്രസിഡന്റ് എം.സുധീര്‍, കോഴിക്കോട് കൊളത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കെ പി ഹംസ ജെയ്സല്‍, കാവുംകുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അധ്യാപകനായ പി.ഷാജി, ശരീഫ് കടന്നമണ്ണ, ബഷീര്‍ തുടങ്ങിയവര്‍ അംഗപരിമിതര്‍ക്കായുള്ള ക്ലാസുകള്‍ നയിച്ചു. പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്നായി 22 അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ക്ലാസ് റൂമിലെ സാങ്കേതിക വിദ്യയുടെ ഉപയോഗം, ഡിജിറ്റല്‍ ബ്ലാക്ക് ബോര്‍ഡ്, എ.ഐ, കാഴ്ചയില്ലാത്തവര്‍ എഴുതുവാനും വായിക്കുവാനും ഉപയോഗിക്കുന്ന വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകള്‍എന്നിവ ക്ലാസില്‍ ചര്‍ച്ച ചെയ്തു.
- Log in to post comments