മാലിന്യ മുക്തം നവകേരളം; ജില്ലാതല പ്രഖ്യാപനം ഏപ്രില്‍ അഞ്ചിന്
സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയാകാന്‍ ഒരുങ്ങി കോഴിക്കോട്. സമ്പൂര്‍ണ ശുചിത്വത്തിനായി സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല പ്രഖ്യാപനം ഏപ്രില്‍ അഞ്ചിന് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന് ജില്ലാതല നിര്‍വഹണ സമിതി യോഗത്തിലാണ് തീരുമാനം. ക്യാമ്പയിനില്‍ സജീവമായി പങ്കെടുക്കുകയും മാലിന്യ സംസ്കരണ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത വിവിധ തലങ്ങളില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്കുള്ള അനുമോദനവും ചടങ്ങില്‍ നല്‍കും. മികച്ച പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, സിഡിഎസ്, സ്ഥാപനം തുടങ്ങിയ മേഖലയിലാണ് അനുമോദനം.
പഞ്ചായത്ത്, കോര്പ്പറേഷന്, മുനിസിപ്പാലിറ്റി തലത്തിലുള്ള മാലിന്യ മുക്ത പ്രഖ്യാപനങ്ങള്‍ മാര്‍ച്ച് 30 ന് അതാത് സ്ഥാപനങ്ങളില്‍ നടക്കും. ബ്ലോക്ക് തലത്തിലുള്ള പ്രഖ്യാപനം ഏപ്രില്‍ മൂന്നിന് അതാത് ബ്ലോക്ക് പഞ്ചായത്തുകളിലും നടക്കും.
സംസ്ഥാനതലം മുതല്‍ ജില്ലാ - തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡ് തലം വരെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഹരിതകേരളം മിഷന്, ശുചിത്വ മിഷന്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ മിഷന്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് തുടങ്ങിയവയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രവര്‍ത്തന രൂപരേഖ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിന് പ്രവര്‍ത്തനം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ നിഷ പുത്തന്‍പുരയില്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം ലിഷ മോഹന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, ഹരിത കേരള മിഷന് ജില്ലാ കോഡിനേറ്റര്‍ പി പ്രസാദ്, ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര്‍ എം ഗൗതം, കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ പി സി കവിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments