മാലിന്യമുക്ത നവകേരളം: ജില്ലാതല പ്രഖ്യാപനം ഏഴിന്
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയെ ഏപ്രില്‍ ഏഴിന് മാലിന്യമുക്തമായി പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല നിര്‍വഹണസമിതിയോഗത്തിലാണ് തീരുമാനം. സി.കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മാലിന്യനിര്‍മാര്‍ജനത്തില്‍ മാതൃകാപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍, സംഘടനകള്‍, സി.ഡി.എസുകള്‍, ഹരിതകര്‍മ സേനകള്‍, എന്‍.എസ്.എസ് യൂനിറ്റുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, വ്യക്തികള്‍, വീടുകള്‍ എന്നിവക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. പുരസ്‌കാര നിര്‍ണയത്തിന് പ്രത്യേക സമിതികളെ നിയോഗിക്കും. വിപുലമായ സംഘാടക സമിതിയും രൂപവത്കരിക്കും. പ്രഖ്യാപന ചടങ്ങിനോടനുബന്ധിച്ച് മികച്ച മാതൃകകളുടെ അവതരണം, കലാപരിപാടികള്‍, അവാര്‍ഡ്ദാനം എന്നിവയുമുണ്ടാകും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ അധ്യക്ഷനായി. സബ് കലക്ടര്‍ നിശാന്ത് സിന്‍ഹാര, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments