രോഗനിര്‍ണയത്തിന് പുതുസംവിധാനങ്ങള്‍; കൂട്ടായ്മയുടെ കരുത്തില്‍ സ്മാര്‍ട്ടായി കലയ്‌ക്കോട് സി.എച്ച്.സി
ആതുരസേവന രംഗത്ത് പുതുസംവിധാനങ്ങളൊരുക്കി കലയ്‌ക്കോട് കുടുംബാരോഗ്യ കേന്ദ്രം. കിടപ്പുരോഗികള്‍ക്കായി സഞ്ചരിക്കുന്നലാബ് ഉള്‍പ്പെടെയുള്ള സേവനങ്ങളൊരുക്കി ശ്രദ്ധനേടിയ ആശുപത്രിയില്‍ ക്ഷയരോഗ നിര്‍ണയത്തിനുള്ള അത്യാധുനിക ട്രൂനാറ്റ് പി.സി.ആര്‍ (പോളിമെറെയ്സ് ചെയിന്‍ റിയാക്ഷന്‍) മെഷിന്‍ സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റില്‍നിന്ന് 16.8 ലക്ഷം രൂപ ചെലവിട്ടാണ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഹെല്‍ത്ത് ഗ്രാന്‍ഡ് ഉപയോഗിച്ച് ജില്ലയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സ്ഥാപിക്കുന്ന ആദ്യ പി.സി.ആര്‍ മെഷിനാണിത്. ഒരേസമയം നാലുപേര്‍ക്ക് പരിശോധന സാധ്യമാകും; ഒന്നരമണിക്കൂറിനകം ഫലവും ലഭ്യമാകും. നിലവില്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ടി.ബി സെന്റര്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ്, കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റല്‍, പുനലൂര്‍ താലൂക്ക് ഹോസ്പിറ്റല്‍, ആശ്രാമം ഇ.എസ്.എ, പുതിയകാവ് ടി.ബി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പി.സി.ആര്‍ മെഷിന്‍ ഉള്ളത്.
2023ല്‍ കൊല്ലം ജില്ലയിലെ 10 ക്ഷയരോഗമുക്ത പഞ്ചായത്തുകളില്‍ ഒന്നായിരുന്നു കലയ്‌ക്കോട് ഉള്‍പ്പെടുന്ന പൂതക്കുളം. തുടര്‍ന്നും സ്ഥാനം നിലനിര്‍ത്താനായി. പൂതക്കുളം ഉള്‍പ്പെടുന്ന ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിനെ ക്ഷയരോഗ മുക്തമാക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് തദ്ദേശഭരണകൂടങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മ മുന്നേറുന്നത്.
നേരത്തെ കഫപരിശോധന എ.എഫ്.പി സ്റ്റൈനിങ് എന്ന സംവിധാനത്തിലൂടെയാണ് ചെയ്തിരുന്നത്. ട്രൂനാറ്റ് പി.സി.ആര്‍ മെഷീനിലൂടെ കൂടുതല്‍ കൃത്യതയോടെയും കാര്യക്ഷമതയോടെയും രോഗനിര്‍ണയം സാധ്യമാകും. ചിറക്കര, ചാത്തന്നൂര്‍, നെടുമ്പന, ആദിച്ചനല്ലൂര്‍, പൊഴിക്കര, പരവൂര്‍ മുനിസിപ്പാലിറ്റി, പൂതക്കുളം എന്നിവിടങ്ങളിലുള്ളവര്‍ക്ക് അതത് ആരോഗ്യകേന്ദ്രംമുഖേന സാമ്പിള്‍ നല്‍കിയാല്‍ കലയ്ക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനയൊരുക്കും.
കിടപ്പുരോഗികള്‍ക്കായി കലയ്ക്കോട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഒരുക്കിയ സഞ്ചരിക്കുന്ന ലാബ് രോഗീപരിചരണരംഗത്തെ പുതുമുന്നേറ്റമാണ്. രണ്ട് ടെക്നീഷ്യ•ാര്‍ അടങ്ങിയ സംഘം രാവിലെ ഏഴ് മുതല്‍ 11 വരെ രോഗികളുടെ വീട്ടിലെത്തി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനാഫലം വാട്സ്ആപ്പ് മുഖേന കൈമാറുന്ന രീതിയാണ് പിന്തുടരുക. ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയരാകാന്‍ പ്രയാസമുള്ളവര്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താം. പൂതക്കുളം പഞ്ചായത്തിലുള്ളവര്‍ക്ക് 50 രൂപ നിരക്കിലും സമീപ പഞ്ചായത്തുകളിലുള്ളവര്‍ക്ക് ദൂരത്തിനനുസരിച്ച് അധികനിരക്കോടെയുമാണ് സേവനം ലഭ്യമാക്കുന്നത്.
ട്രൂനാറ്റ് പി.സി.ആര്‍ മെഷിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സനിതാ രാജീവ്, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സദാനന്ദന്‍ പിള്ള, സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. അനൂപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments