മന്ത്രിസഭ വാര്‍ഷികം ജില്ലയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ഓഷനേറിയം - മന്ത്രി കെ. എന്‍ ബാലഗോപാല്‍
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ വിനോദസഞ്ചാര വികസനത്തിനായി 50 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലാ പഞ്ചായത്ത് ജയന് സ്മാരക ഹാളില്‍ വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച ജില്ലാതലയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിംഗരപ്പൂര്‍ മാതൃകയിലുള്ള ഓഷനേറിയം ജില്ലയില്‍ താമസിയാതെ തുടങ്ങും. ടൂറിസ്റ്റ് മറീനുകളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. ഇത്തരം പുരോഗതിക്കൊപ്പം ഭാവിമുന്നില്‍ കണ്ടുള്ള വിപുലമായ വികസന പരിപാടികളാണ് വരാനിരിക്കുന്നത്. അതിനായി പൊതുജനത്തിന്റെകൂടി അഭിപ്രായം അറിയേണ്ടതുണ്ട്. അതിനുള്ള ഇടമായി ആഘോഷവേദി മാറും. നാളിതുവരെ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി നടപ്പിലാക്കിയ പദ്ധതികളുടെ അിറവുകള്‍ നാളെയെക്കുറിച്ചുള്ള പൊതുസങ്കല്പത്തിനാണ് ദിശാബോധം പകരുക. എല്ലാ മേഖലയില്‍ നിന്നുമുള്ളവര്‍ക്കായി എന്റെ കേരളം പ്രദര്‍ശന-വിപണന-വിജ്ഞാന-വിനോദമേള മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആശ്രാമം മൈതാനത്ത് മെയ് 11 മുതല്‍ 17 വരെ നടത്തുന്ന മന്ത്രിസഭാവാര്‍ഷിക ആഘോഷത്തിലൂടെ സമസ്ത മേഖലകളിലും ദൃശ്യമാകുന്ന പുരോഗതി അടയാളപ്പെടുത്തുകയാണെന്ന് അധ്യക്ഷയായ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ജനകീയ സര്‍ക്കാരിന്റെ ജനകീയ മേളയിലേക്ക് പുരോഗതികാംക്ഷിക്കുന്നവരെല്ലാം എത്തുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.
നേട്ടങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നത്വഴി കേരളത്തിന്റെ മുന്നേറ്റം സൃഷ്ടിച്ച സാമൂഹിക മാറ്റംഎത്രവലുതാണന്ന് കണ്ടെത്താനാകുമെന്ന് എം. നൗഷാദ് എം.എല്‍.എ പറഞ്ഞു.
‘എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ പൊതുസംഘാടക സമിതി യോഗത്തില്‍ രൂപീകരിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ചെയര്‍മാനും മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.ബി ഗണേഷ് കുമാര്‍ എന്നിവര്‍ കോ-ചെയര്‍പേഴ്സണ്‍മാരും ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ജനറല്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍ കണ്‍വീനറുമായാണ് സമിതി.
ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭകളുടെ അധ്യക്ഷര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്, സിറ്റി പൊലീസ് കമീഷണര്‍ കിരണ്‍ നാരായണന്, സബ് കലക്ടര്‍ നിശാന്ത് സിന്‍ഹാര, എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments