മാലിന്യമുക്തം നവകേരളം: സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയാകാന്‍ ഒരുങ്ങി ആലപ്പുഴ; പ്രഖ്യാപനം ഏപ്രില്‍ അഞ്ചിന്
*മന്ത്രി പി പ്രസാദ് പ്രഖ്യാപനം നടത്തും
സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയാകാന്‍ ഒരുങ്ങി ആലപ്പുഴ. സമ്പൂര്‍ണ ശുചിത്വത്തിനായി സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ സമാപനം കുറിച്ച് ജില്ലാതല മാലിന്യ മുക്ത പ്രഖ്യാപനം ഏപ്രില്‍ അഞ്ചിന് ചേര്‍ത്തല തണ്ണീർമുക്കം പഞ്ചായത്തിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്‍ ജില്ലാതല നിര്‍വഹണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. അഞ്ചു വർഷക്കാലത്തെ നിരന്തര ശ്രമങ്ങളുടെയും കഴിഞ്ഞ രണ്ട് വർഷത്തെ ഊർജ്ജിത പ്രവർത്തനങ്ങളുടെയും 2024 ഒക്ടോബർ രണ്ട് മുതൽ കൂടുതൽ ജനകീയമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തിയ പ്രവർത്തനങ്ങളുടെയും ഭാഗമായാണ് ജില്ല മാലിന്യമുക്തമാകുന്നത്.
സംസ്ഥാനത്തെ സമ്പൂര്‍ണമാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പാക്കിയും പണം ചെലവഴിച്ചും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ മികച്ച ഇടപെടലുകള്‍ നടത്തിയതായി അവർ പറഞ്ഞു. മാലിന്യം വലിച്ചെറിയുന്ന ഹോട്ട് സ്പോട്ടുകളില്‍ തദ്ദേശസ്ഥാപനങ്ങള്‍ സംയുക്തമായി കൂടുതൽ സിസി ടിവി കാമറകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ആമുഖപ്രഭാഷണം നടത്തി.
സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി കേരളമൊട്ടാകെ വലിയ മാറ്റത്തിന്റെ കാഹളം മുഴങ്ങുകയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഹോട്ടലുകളിലെ ദ്രവമാലിന്യ സംസ്കരണത്തിനുള്ള ജാപ്പാനീസ് സാങ്കേതികവിദ്യ അടക്കം പ്രോത്സാഹിപ്പിച്ചതിലൂടെ ജില്ലയിലെ ഹോട്ടൽ മലിനീകരണം ഒരു പരിധി വരെ കുറച്ചുകൊണ്ടുവരാൻ സാധിച്ചു. ജില്ലയിലെ ഹരിത വിദ്യാലയങ്ങൾ, ഹരിത ഓഫീസുകൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത അയൽക്കൂട്ടം, തിരഞ്ഞെടുത്ത പ്രധാന ജംഗ്ഷൻ, പൊതു സ്ഥലങ്ങൾ, മാർക്കറ്റുകൾ, വീഥികൾ എന്നിവയുടെ ഹരിത പ്രഖ്യാപനങ്ങൾ അന്തിമഘട്ടത്തിലാണെന്നും മാർച്ച് മാസം തന്നെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകുമെന്നും കളക്ടർ പറഞ്ഞു.
നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ കെ .എസ്. രാജേഷ് പ്രവർത്തന പുരോഗതി അവതരിപ്പിച്ചു. കാമ്പയിനില്‍ സജീവമായി പങ്കെടുക്കുകയും മാലിന്യ സംസ്‌കരണ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത വിവിധ തലങ്ങളില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്കുള്ള അനുമോദനവും മാലിന്യമുക്തപ്രഖ്യാപന ചടങ്ങില്‍ നടക്കും. ജേതാക്കളെ കണ്ടെത്തുന്നതിന് ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ജില്ലാതല കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ജില്ലാതല പ്രഖ്യാപനത്തിനു മുൻപ് പഞ്ചായത്ത്, നഗരസഭ തല പ്രഖ്യാപനങ്ങൾ മാർച്ച് 30 നും ബ്ലോക്ക് തല പ്രഖ്യാപനങ്ങൾ ഏപ്രിൽ 3 നും നടത്തും.
സംസ്ഥാനതലം മുതല്‍ ജില്ലാ- തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡ് തലം വരെ ഏകോപിപ്പിച്ചുള്ള വിപുലമായ പ്രവര്‍ത്തനങ്ങളാണ് കാമ്പയിനിൻ്റെ ഭാഗമായി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. തദ്ദേശസ്വയംഭരണ വകുപ്പ്, ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ മിഷന്‍, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് തുടങ്ങിയവയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രവര്‍ത്തന രൂപരേഖ അടിസ്ഥാനമാക്കിയായിരുന്നു കാമ്പയിന്‍ പ്രവര്‍ത്തനം.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തില്‍ എ ഡി എം ആശ സി എബ്രഹാം, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ് ശ്രീകുമാർ, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാതല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.
(പിആര്‍/എഎൽപി/974)
- Log in to post comments