Skip to main content

പീരുമേട് മണ്ഡലത്തില്‍ പട്ടയ അസംബ്ലി സംഘടിപ്പിച്ചു

 

 

പീരുമേട് നിയമസഭാ നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള പട്ടയ അസംബ്ലി വാഴൂര്‍ സോമന്‍ എം.എല്‍.എയുടെ അധ്യക്ഷയില്‍ ചേര്‍ന്നു. ഭൂമിയുടെ യഥാര്‍ത്ഥ കൈവശക്കാരന് പട്ടയം കൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എം.എല്‍.എ പറഞ്ഞു. 

 

പീരുമേട് മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള പീരുമേട് മണ്ഡലത്തിലെ പട്ടയ ഫയലുകളുടെ നടപടി പുരോഗതിയും പട്ടയ വിതരണത്തിന് തടസമായി നില്‍ക്കുന്ന സാങ്കേതിക വിഷയങ്ങളും തഹസില്‍ദാര്‍മാര്‍ യോഗത്തില്‍ വിശദീകരിച്ചു. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. 

 

മഞ്ചുമല, വാഗമണ്‍, പെരുവന്താനം, പീരുമേട്, പെരിയാര്‍ എന്നീ വില്ലേജുകളിലെ മിച്ചഭൂമി സ്ഥലം വര്‍ഷങ്ങളായി കൈവശം വച്ചിരുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിന് ഈ വിഷയം പട്ടയം ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. മഞ്ചുമല, പെരിയാര്‍ വില്ലേജുകളില്‍ എവിടി എസ്റ്റേറ്റില്‍ നിന്ന് 1970 ല്‍ വസ്തു വാങ്ങിയവരുടെ വസ്തുക്കളുടെ ഭൂമിയുടെ തരം ഇപ്പോഴും തോട്ടം എന്ന് കിടക്കുന്നതിനാല്‍ പഞ്ചായത്തില്‍ നിന്നു ആനുകൂല്യം ഒന്നും ലഭിക്കുന്നില്ലാത്ത പ്രശ്‌നവും ചര്‍ച്ചയായി. മഞ്ചുമല വില്ലേജില്‍ സര്‍വ്വെ 182 -ല്‍ ഫോറസ്റ്റ് നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെട്ട എയര്‍ സ്ട്രിപ്പ്, പോലീസ് സ്റ്റേഷന് അനുവദിച്ച ഭൂമി, സീറോ ലാന്റ് പദ്ധതി പ്രകാരം പട്ടയം അനുവദിച്ച ഭൂമി എന്നിവ ഒഴിവാക്കുന്നതിന് പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു.   

 

അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് ഇടുക്കി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് ഉറപ്പുനല്‍കി.

 

 

പീരുമേട് എസ് എം എസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലത്തിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാരടക്കമുള്ള ജനപ്രതിനിധികള്‍ പങ്കെടുത്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. വി. ജോസഫ്, അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയമോള്‍ ജോണ്‍സണ്‍, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് അംഗം എസ് പി രാജേന്ദ്രന്‍, പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date