അതിജീവിതര്‍ക്ക് കരുത്തേകാന്‍ കുടുംബശ്രീയുടെ സ്‌നേഹിത
അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശ്രയമേകാന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഇടുക്കിയുടെ കീഴില്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്. 24 മണിക്കൂറും 365 ദിവസവും സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ സേവനം ലഭ്യമാണ്. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അഭയ കേന്ദ്രമാണ് സ്‌നേഹിത. ജില്ലാതലത്തില്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്, പഞ്ചായത്ത് തലത്തില്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, വാര്‍ഡ് തലത്തില്‍ വിജിലന്റ് ഗ്രൂപ്പ്, അയല്‍ക്കൂട്ട തലത്തില്‍ ജെന്‍ഡര്‍ പോയിന്റ് പേഴ്‌സണ്‍ എന്നിങ്ങനെയാണ് സ്‌നേഹിതയുടെ പ്രവര്‍ത്തനം.
അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ കൗണ്‍സിലിംഗ്, നിയമസഹായം, അത്യാവശ്യഘട്ടങ്ങളില്‍ വൈദ്യസഹായം, അതിക്രമങ്ങളെ തുടര്‍ന്ന് വീട് വിട്ട് ഇറങ്ങിയവര്‍ക്കും യാത്രക്കിടെ ഒറ്റപ്പെട്ടു പോയവര്‍ക്കും താത്കാലിക അഭയം, അതിജീവനത്തിനും ഉപജീവനത്തിനുമുള്ള സഹായം, മാനസിക പിന്തുണ-പ്രചോദന ക്ലാസുകള്‍, സ്ത്രീ സുരക്ഷാ, ലിംഗ സമത്വം, ഭരണഘടനാപരമായ അവകാശങ്ങള്‍ തുടങ്ങിയ സംബന്ധിച്ച അവബോധം സൃഷ്ടിക്കല്‍, ടെലി കൗണ്‍സിലിംഗ, കേന്ദ്രത്തെ സമീപിക്കുന്നവര്‍ക്ക് തുടര്‍ സേവനം, മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്ക് പിന്തുണ തുടങ്ങിയ സേവനങ്ങളാണ് സ്‌നേഹിത നല്‍കുന്നത്.
സ്ത്രീകള്‍, 18 വയസില്‍ താഴെയുള്ള കുട്ടികള്‍, അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുന്നവര്‍, മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് സ്‌നേഹിതയുടെ സേവനം ലഭ്യമാകും.
ഇടുക്കി തങ്കമണി റോഡില്‍ നായരുപാറയിലാണ് സ്‌നേഹിത അഭയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഫോണ്‍- 04862 236679, 8547165669, ഇ മെയില്‍ - snehithaidk@gmail.com.
സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ടോള്‍ ഫ്രീ നമ്പര്‍ - 1800 4252 2667
- Log in to post comments