ലഹരിക്കെതിരെ ചെസ്സ്: കൂടാളിയില്‍ ഒന്നാം ഘട്ട മല്‍സരം പൂര്‍ത്തിയായി
ലഹരിക്കെതിരെ ചെസ്സ് എന്ന സന്ദേശമുയര്‍ത്തി കൂടാളി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. പഞ്ചായത്ത്തല ചെസ്സ് മത്സരത്തിന്റെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പട്ടാന്നൂര്‍ കെപിസിയിലെ സൂര്യനന്ദ്, കൃഷ്ണ നന്ദ, ദേവാംഗ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കൂടാളി ഹയര്‍സെക്കന്ററിയിലെ പി. റിതുനന്ദ്, കെ.കെ. ലയന്‍, അദിപ് അജി എന്നിവര്‍ ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനം നേടി. യുപി വിഭാഗത്തില്‍ കൂടാളി ഹൈസ്‌കൂളിലെ പി. തരുണ്‍ദേവ്, മുട്ടന്നൂര്‍ യുപി സ്‌കൂളിലെ വി. ദേവര്‍ഷ്, സൂര്യ കിരണ്‍ എന്നിവര്‍ വിജയിച്ചു. എല്‍പി വിഭാഗത്തില്‍ മുട്ടന്നൂര്‍ യൂപി സ്‌കൂളിലെ മെവിന്‍ വിനോദ്, അന്‍വിന്‍ പ്രിയേഷ് എന്നിവരും ആനന്ദ് രജിയും (കോണ്‍കേഡ്) ഒന്നാം സ്ഥാനം പങ്കിട്ടു. കുന്നോത്ത് യുപി സ്‌കൂളിലെ ധ്യാന്‍കൃഷ്ണ, മുട്ടന്നൂര്‍ യുപി സ്‌കൂളിലെ രാമാനുജന്‍ എന്നിവര്‍ രണ്ടാം സ്ഥാനം നേടി. കൊടോളിപ്രം എല്‍പിയിലെ ധനില്‍കൃഷ്ണ മൂന്നാം സ്ഥാനം നേടി. മത്സരത്തില്‍ 160 ലധികം കുട്ടികള്‍ പങ്കെടുത്തു. പഞ്ചായത്ത്തല മത്സരം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.രതീഷ് ഉദ്ഘാടനം ചെയ്തു. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായാണ് മല്‍സരം നടന്നത്. പഞ്ചായത്തിലെ മുഴുവന്‍ കുട്ടിളെയും ചെസ്സ് പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 15 സ്‌കൂളുകളിലെ 206 ക്ലാസ് മുറികളിലും ചെസ്സ് ബോര്‍ഡ് നല്‍കിയിരുന്നു. അവധികാലത്ത് ചെസ്സ് പഠിപ്പിക്കുന്നതിന് 20 ലൈബ്രറികള്‍ക്ക് ഉടന്‍ ബോര്‍ഡ് നല്‍കും.
സമാപന സമ്മേളനം മട്ടന്നൂര്‍ സിഐ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി. പത്മനാഭന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സി ശ്രീകല, കെ. ദിവാകരന്‍, എം. വസന്ത, വാര്‍ഡ് മെമ്പര്‍ വി. രജനി, പ്രധാനാധ്യാപിക എം.കെ ശ്രീജ, പി.കെ. ബൈജു, കെ.ആശ എന്നിവര്‍ സംസാരിച്ചു. കൊടൊളിപ്രം എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സംഗീത ശില്‍പവും അരങ്ങേറി.
- Log in to post comments