Skip to main content

പട്ടികജാതിക്കാർക്ക് ന്യായവില കട ലൈസൻസി: അപേക്ഷ ക്ഷണിച്ചു

ചാവക്കാട് താലൂക്കിലെ കടപ്പുറം ഗ്രാമപഞ്ചായത്ത്  അഞ്ചാം വാർഡിൽ മാട്ടുമ്മൽ  പ്രദേശത്ത് പുതിയ ന്യായവില കടയ്ക്ക് ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-62. എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ന്യായവിലകട ലൈസൻസിയാകുന്നതിന് വേണ്ട ശാരീരികവും മാനസികവുമായ പ്രാപ്തിയുള്ളവരായിരിക്കണം. അപേക്ഷകർ വിജ്ഞാപന തീയതിക്ക് മുമ്പ് തുടർച്ചയായി മൂന്ന് വർഷം ന്യായവിലകട സ്ഥിതിചെയ്യുന്ന പഞ്ചായത്ത്/നഗരസഭ പ്രദേശത്തെ സ്ഥിരതാമസക്കാരനായിരിക്കണം. ന്യായവിലകട സ്ഥിതി ചെയ്യുന്ന അതേ വാർഡിലെ താമസക്കാരായ അപേക്ഷകർക്ക് മുൻഗണന. തുല്യ യോഗ്യതയുള്ള ഒന്നിലധികം അപേക്ഷകരുണ്ടെങ്കിൽ കൂടുതൽ പ്രായമുള്ള അപേക്ഷകർക്ക് മുൻഗണന നൽകും. ഭക്ഷ്യഭദ്രതാനിയമം -2013 പ്രകാരമോ, കേരള ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സംവിധാനം (നിയന്ത്രണ) ഉത്തരവ് 2021 പ്രകാരമോ, അവശ്യവസ്തു നിയമം 1955 പ്രകാരമോ, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് ആക്ട് 2006 പ്രകാരമോ, ധാർമ്മികവ്യതിയാനം ഉൾപ്പെടുന്ന ഏതെങ്കിലും കുറ്റകൃത്യത്തിന് കോടതി ശിക്ഷിച്ചിട്ടുള്ളവർ അപേക്ഷിക്കരുത്. ഫുൾടൈം/പാർട്ട്-ടൈം സർക്കാർ ജീവനക്കാർ, പൊതു/സ്വകാര്യ/സഹകരണ ജീവനക്കാർ എന്നിവർ അപേക്ഷിക്കരുത്. ആസ്തി തെളിയിക്കുന്ന രേഖകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, താലൂക്ക് സപ്ലൈ ഓഫീസർ സാക്ഷ്യപ്പെടുത്തിയ സെയിൽസ്മാൻ രജിസ്റ്ററിന്റെ അസൽ (ന്യായവിലകടയിൽ സെയിൽസ്മാനായി ജോലി പരിചയം ഉള്ളവർക്ക്), സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഹാജരാക്കണം. ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർക്കിഫിറ്റുകളുടെ അസലും പകർപ്പും ഹാജരാക്കേണ്ടതാണ്. ന്യായവിലകട നടത്തുന്നതിന് രണ്ടുമാസത്തേക്ക് ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതിന് ശേഷിയുള്ള കെട്ടിടം ഉണ്ടായിരിക്കണം. കെട്ടിടം സ്വന്തമല്ലെങ്കിൽ കെട്ടിട ഉടമയുടെ സമ്മതപത്രവും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ ജില്ലാ സപ്ലൈ ഓഫീസിലും, തൃശ്ശൂർ ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസുകളിലും ബന്ധപ്പെടുക. നിശ്ചിതമാതൃകയിലുള്ള അപേക്ഷാ ഫോം ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും (www.civilsupplieskerala.gov.in), ജില്ല/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്. ഏപ്രിൽ 20ന് രാവിലെ 11 വരെ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ സ്വീകരിക്കും.

 

date