Skip to main content

സഹകരണ മേഖല നാടിന്റെ നട്ടെല്ലും കരുത്തും: മന്ത്രി പി പ്രസാദ്

സഹകരണ മേഖല ഒരു നാടിന്റെ നട്ടെല്ലും കരുത്തുമാണെന്നും സാധാരണക്കാർക്കും കർഷകർക്കും എപ്പോഴും ആശ്രയിക്കാൻ കഴിയുന്നത് സഹകരണ സ്ഥാപനങ്ങളെയാണെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ആലപ്പാട് - പുള്ള് സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി സ്മാരക സംഭരണശാല നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സംഭരണ ശാലകളുടെ പ്രാധാന്യം വലുതാണ്. വിളവെടുപ്പു കഴിഞ്ഞ് കണക്കുകൾ നോക്കിയാൽ കർഷകന് വലിയ രീതിയിൽ നഷ്ടം വരുന്നത് കാണാം. വിളവെടുപ്പിന് ശേഷം ഉത്പന്നങ്ങളെല്ലാം വിൽപ്പന നടക്കുകയും ഉത്പന്നം കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ഉണ്ടാകണം. ഇവിടെയാണ്‌ സംഭരണ ശാലകളുടെ പ്രാധാന്യമെന്ന് മന്ത്രി കൂട്ടി ചേർത്തു.

അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് പദ്ധതി പ്രകാരം 1.29 കോടി രൂപ ചിലവിലാണ് 5000 ചതുരശ്ര അടി വിസ്തൃതിയിൽ ഗോഡൗണും വെയ്ബ്രിഡ്ജും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. അന്തിക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട എന്നീ ബ്ലോക്കുകളിലെ ആറായിരം ഹെക്ടർ കോൾ നിലങ്ങളിലേക്കാവശ്യമായ നെൽ വിത്ത് വിതരണം ചെയുന്നതിന് ഇത് സഹായകമാകും. ബാങ്കിന്റെ വെയ്ബ്രിഡ്ജ് ഉദ്ഘാടനം സി.സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു.

ബാങ്ക്‌ പ്രസിഡന്റ് കെ.വി. ഹരിലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ.കെ ശശിധരൻ, ചാഴൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ.എസ് മോഹൻദാസ്, ജില്ല പഞ്ചായത്ത്‌ മെമ്പർ ഷീന പറയങ്ങാട്ടിൽ, പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വിനിത ബെന്നി, പഞ്ചായത്ത്‌ മെമ്പർമാരായ കെ.വി ഇന്ദുലാൽ, പി.കെ ഓമന, ജില്ല കോൾ കർഷക സംഘം വൈസ് പ്രസിഡന്റ് കെ.കെ രാജേന്ദ്രബാബു, ബാങ്ക്‌ സെക്രട്ടറി കെ.എഫ് ജിജോ, മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. എ ലത, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ.ആർ ഷേർലി, ബാങ്ക്‌ വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ് ശേഖേശ്, ബാങ്ക്‌ ഡയറക്ടർ കെ.ബി ഋചിക്, ഷീല വിജയകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സിവിൽ കൺസൾട്ടന്റ് ലതീഷ് മേനോൻ, കോൺട്രാക്ടർ വിജയകുമാർ പള്ളത്ത് എന്നിവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

date