Skip to main content

സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷം എന്റെ കേരളം പ്രദർശന വിപണന മേള മെയ് ഏഴ് മുതൽ 13 വരെ മലപ്പുറം കോട്ടക്കുന്നിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാതല യോഗം മെയ് 12ന്

സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദർശന- വിപണന മേള മെയ് ഏഴ് മുതൽ 13 വരെ മലപ്പുറം കോട്ടക്കുന്നിൽ നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല യോഗം മെയ് 12 ന് രാവിലെ 10.30 മുതൽ 12.30 വരെ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലും നടക്കും. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 500 പേർ യോഗത്തിൽ പങ്കെടുക്കും. ഇതു കൂടാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകന യോഗം മെയ് എട്ടിന് പാലക്കാട്ട് വെച്ചു നടക്കും. പദ്ധതികൾ നടപ്പാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ കണ്ടെത്തി പരിഹരിക്കാനാണ് മേഖലാ യോഗം നടത്തുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തെ സർക്കാറിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന മേളയാണ് കോട്ടക്കുന്നിൽ സംഘടിപ്പിക്കുന്നത്. 100 ലധികം സ്റ്റാളുകളാണ് മേളയിലുണ്ടാവുക. വിവിധ വകുപ്പുകളുടെ 50 തീം സ്റ്റാളുകളും 50 വിപണന സ്റ്റാളുകളുമാണ് മേളയിലുണ്ടാക്കുക. 2500 സക്വയർ ഫീറ്റിൽ പി.ആർ.ഡിയുടെ എൻ്റെ കേരളം പവലിയൻ സജ്ജീകരിക്കും. എല്ലാ ദിവസവും സാംസ്കാരിക പരിപാടികളും ഭക്ഷ്യമേള, പുസ്തക മേള തുടങ്ങിയവയും ഉണ്ടാകും.  പരിപാടിയുടെ വിജയത്തിനായി കായിക - ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുറഹിമാൻ ചെയർമാനും ജില്ലാ കളക്ടർ വി.ആർ വിനോദ് ജനറൽ കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, മലപ്പുറം നഗരസഭാ ചെയർമാൻ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുടെ പ്രതിനിധികൾ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്, എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘാടക സമിതി അംഗങ്ങളാണ്. കൂടാതെ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.  
വികസന പ്രവർത്തനങ്ങളുടെ കാര്യത്തിൽ സകല മേഖലയിലും കേരളം മുന്നിലാണെന്ന് കായിക - ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ സംഘാടക സമിതി രൂപീകരണ യോഗത്തിൽ പറഞ്ഞു.  സർക്കാറിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എന്റെ കേരളം പ്രദർശന വിപണന മേള നടത്തുന്നത്. സർവ്വ മേഖലയിലും മുന്നിലെത്തിയ കേരളത്തിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്ക് അറിയാൻ കഴിയണം. വകുപ്പുകളുടെ ഏകോപനവും മികച്ച രീതിയലുള്ള പ്രചാരണവും പരിപാടിക്ക് നൽകണം. ജില്ലയിലെ വ്യവസായ പുരോഗതിയടക്കമുള്ള വികസന നേട്ടങ്ങൾ മേളയുടെ ഭാഗമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പി നന്ദകുമാർ എം.എൽ.എ, ജില്ലാ കളക്ടർ വി.ആർ വിനോദ്, എ.ഡി.എം എൻ.എം മെഹറലി, ഡെപ്യൂട്ടി കളക്ടർ എൽ.ആർ അൻവർ സാദത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

date