നൂതന ആശയങ്ങളുമായി മികവുത്സവം ശ്രദ്ധേയമായി
വിദ്യാർത്ഥികളുടെ നൂതന ഉൽപന്നങ്ങളുടെ പ്രദർശന വേദിയായി മികവുത്സവം ശ്രദ്ധേയമായി. ജില്ലയിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങളുടെ മികവുത്സവം 'റോബോ വൈബ്‌സ്-25' പെരിന്തൽമണ്ണ പോളിടെക്നിക്ക് കോളേജിലാണ് സംഘടിപ്പിച്ചത്. കൈറ്റ് ജില്ലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പോളിടെക്നിക് ഇലക്ട്രോണിക് വകുപ്പുമായി സഹകരിച്ച് നടത്തിയ പരിപാടി എഡിഎം എൻ.എം മെഹറലി ഉദ്ഘാടനം ചെയ്തു. കൈറ്റ് സിഇഒ അൻവർ സാദത് കുട്ടികളെ അഭിസംബോധന ചെയ്തു. കൈറ്റ് ജില്ലാ കോഡിനേറ്റർ മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സജീവ്, അബ്ദുൽ റഷീദ്, മഹേഷ്, പ്രവീൺ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. റോബോട്ടിക്സ് സാങ്കേതിക വിദ്യയുടെ പ്രായോഗിക സാധ്യതകളെ കുറിച്ച് മാസ്റ്റർ ട്രെയിനർ സി. കെ ഷാജി ക്ലാസെടുത്തു.മികവുത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 റോബോട്ടിക് പ്രൊജക്ടുകളും 20 അനിമേഷൻ പ്രൊജക്റ്റുകളുമാണ് പ്രദർശനത്തിനുണ്ടായിരുന്നത്. അതോടൊപ്പം നിലവിലെ പോളിടെക്‌നിക് വിദ്യാർഥിയും മുൻ ലിറ്റിൽ കൈറ്റ് അംഗവുമായ അഫ്നാൻ യൂസഫ് ന്റെ നേതൃത്വത്തിൽ പോളിടെക്നിക് ഇലട്രോണിക്‌സ് വിഭാഗം അവതരിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ടും ശ്രദ്ധ ആകർഷിച്ചു. പ്രദർശനോത്സവം നൂതന സാങ്കേതിക വിദ്യകൊണ്ട് ശ്രദ്ധേയമായി.ലിറ്റിൽ കൈറ്റ്‌സ്‌ന്റെ ഭാഗമായി പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, നിർമ്മിത ബുദ്ധി, അനിമേഷൻ തുടങ്ങിയ സാങ്കേതിക വിദ്യകളിൽ പരിശീലനം ലഭിച്ച കുട്ടി ടെക്കികൾ പ്രായോഗികതലത്തിൽ അവയുടെ മികച്ച മാതൃകകൾ അവതരിപ്പിച്ചു. വന്യമൃഗങ്ങളുടെ ആക്രമണം / കാട്ടു തീ എന്നിവ തടയാനുള്ള ഓൾറൗണ്ട് പ്രൊട്ടക്ഷൻ സിസ്റ്റം, കൃഷിയിടങ്ങളിൽ പ്രയോജനപ്പെടുത്താവുന്ന ഇറിഗേഷൻ ഫയർ ഫൈറ്റിങ് ബോട്ട്, സ്മാർട്ട് പെറ്റ്ഹൗസ്, ഐ ഒ ടി സ്മാർട്ട് ഹോം, വീട്ടമ്മമാരെ സഹായിക്കുന്ന ഓട്ടോമാറ്റിക് ക്ലോത് ഡ്രയർ, മാൻഹോളിൽ പ്രവർത്തിപ്പിക്കാവുന്ന ക്ലീനിങ് ബോട്ട്, വെള്ളപ്പൊക്ക അറിയിപ്പ് നൽകുന്ന ഫ്ലഡ് അലർട് സിസ്റ്റം, അംഗപരിമിതരായ ആളുകളെ നയിക്കുന്ന സ്മാർട്ട് വീൽ ചെയർ എന്നിങ്ങനെ വിദ്യാർഥികളുടെ അന്വേഷണാത്മക ചിന്തകളുടെ പ്രതിഫലനമായി രൂപപ്പെട്ട നിരവധി മികച്ച ഉൽപ്പന്നങ്ങൾക്ക് 'റോബോ വൈബ്സ് 25' വേദിയായി. കൂടാതെ ത്രീ ഡി അനിമേഷൻ സോഫ്റ്റ് വെയറായ ബ്ലെൻഡറിൽ നിർമ്മിച്ച ലഹരിബോധവൽക്കരണം, പ്രകൃതി സംരക്ഷണം തുടങ്ങിയവ പ്രമേയമായ മികച്ച അനിമേഷൻ വീഡിയോകളും കുട്ടികൾ അവതരിപ്പിച്ചു. പൊതുവിദ്യാലങ്ങളിൽ വിതരണം ചെയ്യപ്പെട്ട ലാപ്ടോപ്പുകൾ, ആർഡിനോ/റോബോട്ടിക് കിറ്റുകൾ എന്നിവ ഉപയോഗപ്പെടുത്തിയാണ് കുട്ടികൾ പ്രോജക്ടുകൾ നിർമ്മിച്ചത്.
- Log in to post comments