ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീർത്തു
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ 'എന്റെ സ്വപ്നം ലഹരി മുക്തം എന്റെ ഗ്രാമം' എന്ന ക്യാംപയിന്റെ ഭാഗമായി ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീർത്തു. ചടങ്ങ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു.
മലപ്പുറം സിവിൽ സ്റ്റേഷൻ സമീപത്ത് നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ മനുഷ്യ ചങ്ങലയിൽ അണിനിരന്നു. ലഹരി നിർമ്മാജനം ലക്ഷ്യമിട്ടുകൊണ്ട് ഒക്ടോബർ രണ്ടു വരെ നീണ്ടുനിൽക്കുന്ന ക്യാംപയിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. അഭിഭാഷകർ, അഭിഭാഷക ക്ലാർക്കുമാർ, ബാർ അസോസിയേഷൻ അംഗങ്ങൾ, പാരാ ലീഗൽ വോളണ്ടിയേഴ്‌സ്, എൻഎസ്എസ്, എസ് പി സി, ട്രോമാകെയർ എന്നിവർ മനുഷ്യ ചങ്ങലയിൽ അണിനിരന്നു. പ്രിയദർശിനി ആർട്‌സ് ആൻഡ് കോളേജിന്റെ തീം ഡാൻസും എളയൂർ എംഎഒ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിന്റെ മൈമും ശ്രദ്ധേയമായി.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ കെ സനിൽകുമാർ അധ്യക്ഷത വഹിച്ചു. സിവിൽ ജഡ്ജ് അരുൺ വെച്ചു സ്വാഗതം പറഞ്ഞു. എം എൽ എമാരായ പി ഉബൈദുല്ല, ടി വി ഇബ്‌റാഹീം, പി നന്ദകുമാർ, ജില്ലാ കലക്ടർ വി ആർ വിനോദ്, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സ്വാമി ജിതാത്മാനന്ദ, ജില്ലാ മെഡിക്കൽ ഓഫീസർ ആർ.രേണുക തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments