Skip to main content

ജനസൗഹൃദ സംവിധാനങ്ങളിലെ കാലികമാറ്റങ്ങളുമായി കലക്ട്രേറ്റ്

കലക്ട്രേറ്റിന്റെ മുഖഛായയും പ്രതിഛായയും മാറ്റിമറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിവരുന്നത്.  ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ കാഴ്ചപാടുകളാണ് മാറ്റങ്ങള്‍ക്ക് പിന്നിലുള്ളത്.
കാഴ്ചപരിമിതര്‍ ഉള്‍പ്പെടെയുള്ള ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സുരക്ഷിതമായി പ്രവേശിക്കാന്‍ തെക്കുവശത്തെ പ്രധാന കവാടത്തിന് സമീപം ടാക്റ്റൈല്‍ റാമ്പ് ഒരുക്കി. കുടിവെള്ളം ഉറപ്പുവരുത്താന്‍ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ള കിയോസ്‌കുകളുമായി.
വനിതാ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഒന്നാം നിലയിലെയും രണ്ടാം നിലയിലെയും ശുചിമുറികളില്‍ സാനിറ്ററി നാപ്കിന്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുകയും ഉപയോഗരീതി പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന റവന്യൂ ഓഫീസുകള്‍ എവിടെയാണെന്ന് പൊതുജനങ്ങള്‍ക്ക് മനസ്സിലാകുംവിധം ദിശാ സൂചിക ബോര്‍ഡുകളും സ്ഥാപിച്ചു. സേവനാവകാശ രേഖ, വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും അപ്പീലുകളും സമര്‍പ്പിക്കേണ്ട ഓഫീസ് മേലധികാരികളുടെ വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയും ബോര്‍ഡുകളുണ്ട്. റെക്കോഡ് റൂമില്‍ സൂക്ഷിച്ച എല്ലാ ഫയലുകളും ഡിജിറ്റൈസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ലഭ്യമാക്കാനും സൗകര്യമൊരുക്കി.
ജോലിക്ക് ഹാജരുള്ളവരും അവധിയിലുള്ളവരുമായ ജീവനക്കാരെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് സെക്ഷനില്‍ പ്രവേശിക്കാതെ തന്നെ മനസ്സിലാക്കാന്‍ അവരവരുടെ പദവികള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തി ഇന്‍/ഔട്ട് ബോര്‍ഡുകള്‍ എല്ലാ സെക്ഷനിലും ഒരുക്കിയിട്ടുണ്ട്. ഓരോ സെക്ഷനിലെയും ജീവനക്കാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ക്വാളിറ്റി സര്‍ക്കിള്‍ രൂപീകരിക്കുകയും അതിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍, റവന്യൂ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനായി  നിശ്ചിത ഇടവേളകളില്‍ പരിശീലനം നല്‍കുകയും ചെയ്തുവരുന്നു.
വിവിധ ആവശ്യങ്ങള്‍ക്ക് കലക്ടറേറ്റില്‍ എത്തുന്ന പൊതുജനങ്ങളില്‍നിന്ന് അവര്‍ക്ക് ലഭ്യമായ സേവനത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ ഫോം പൂരിപ്പിച്ച് സൂക്ഷിക്കുകയും സമയബന്ധിത സേവനം ഉറപ്പുവരുത്തുകയും ചെയ്യും. സിവില്‍ സ്റ്റേഷനില്‍ അഗ്നിസുരക്ഷാ സംവിധാനം ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്കായിട്ടുമുണ്ട്.  ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍േറഡൈസേഷന്റെ (ഐ.എസ്.ഒ) അംഗീകാരം നേടിയെടുക്കാന്‍ പോന്നവണ്ണമുള്ള സംവിധാനങ്ങളാണ്    ഇവിടെ വരുന്നത്.
 

 

date